ശോഭാ ശേഖർ മെമ്മോറിയൽ വനിതാ മാധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു, ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തി പത്രവും

Published : Jun 21, 2025, 03:45 PM ISTUpdated : Jun 21, 2025, 06:50 PM IST
shobha award

Synopsis

2023, 2024 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പരിപാടികൾക്കാണ് പുരസ്‌കാരം

തിരുവനന്തപുരം: ശോഭാ ശേഖർ മെമ്മോറിയൽ വനിതാ മാധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 2023, 2024 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പരിപാടിക്കാണ് പുരസ്‌കാരം ലഭിക്കുക. ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരമാണിത്. സാമൂഹ്യ പ്രതിബദ്ധത, സ്ത്രീ ശാക്തീകരണം, ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം നല്‍കുന്നത്.

2023, 2024 വര്‍ഷങ്ങളില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി, ടെലിഫിലിം, ടെലിവിഷന്‍ പ്രോഗ്രാം എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഓരോ വര്‍ഷവും ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംപ്രേഷണം ചെയ്തതാകണം പരിപാടി. പത്ര - ടെലിവിഷന്‍ ചാനലുകളുടെ ഡിജിറ്റല്‍ സ്‌പേസില്‍ വന്ന പ്രോഗ്രാമുകളും പരിഗണിക്കും. 2023, 24 വര്‍ഷങ്ങളിലെ ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തിപത്രവും നല്‍കും. എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ സംപ്രേഷണ തിയതി വ്യക്തമാക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം 2025 ജൂലായ് 20 ന് മുന്‍പായി സെക്രട്ടറി, പ്രസ് ക്ലബ്, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331642 എന്ന നമ്പറിൽ ബന്ധപ്പെടാം.

വാർത്താ സമ്മേളനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ, ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ വി സോമശേഖരൻ നാടാർ എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രൊഡ്യൂസറായിരുന്ന ശോഭാ ശേഖർ 2022 മാർച്ച് 5 നാണ് അന്തരിച്ചത്. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്ന ശോഭ ശേഖർ, നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരൻ നാടാറാണ് അച്ഛൻ.

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ