
കൊച്ചി: മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രിയിൽ കൂടുതൽ പദ്ധതികൾ. ചികിത്സക്കെത്തുന്ന കുട്ടികളുടെ മാനസികോല്ലാസം ഉറപ്പുവരുത്താനുള്ള പാർക്കാണ് പുതിയ പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം. ആരോഗ്യമന്ത്രി വീണാ ജോർജാണ് പുതിയ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തത്.
പൂമ്പാറ്റ എന്ന പേരിലാണ് പാർക്ക്. കളിക്കാനുള്ള ഉപകരണങ്ങൾക്കൊപ്പം കമ്പ്യൂട്ടർ ഗെയിം കോർണറുമുണ്ട്. പുതിയ ഒപി രജിസ്ട്രേഷൻ കൗണ്ടർ, ലേബർ റും സമുച്ചയം രണ്ടാമത്തെ മെഡിക്കൽ ഐസിയു, സ്പെഷ്യാലിറ്റി ഒ പി വിഭാഗം തുടങ്ങിയവക്കൊപ്പം ബേൺസ് യൂണിറ്റും പാലിയേറ്റീവ് കെയർ പദ്ധതിയുമുണ്ട്.
ജനറൽ ആശുപത്രിയുടെ നവീകരണത്തിനുള്ള ഒന്‍പത് പദ്ധതികൾക്കാണ് തുടക്കമായത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറമെ രണ്ടാമതൊരു ബേൺസ് യൂണിറ്റ് കൂടി തുടങ്ങുന്നത് പൊള്ളലേൽക്കുന്നവരുടെ ചികിത്സക്ക് ഗുണകരമാകുമെന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇൻഷുറൻസ് ഡെസ്കിന് കൂടുതൽ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ കൂടുതൽ വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.