
കൊച്ചി: ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നിൽ തകരുന്ന യുവത്വത്തിന് ഒരു ഓർമപെടുത്തലാണിത്. ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന സംഗീത ആൽബം കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പ്രകാശനം ചെയ്തത്.
ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ചിത്രീകരിച്ച ആൽബത്തിൽ സിനിമാ താരം മഞ്ജു വാര്യരും പങ്കെടുക്കുന്നു. പോലീസ് ഉദ്യോഗസ്ഥരായ അരുൺ വിശ്വം സംവിധാനവും, പ്രസാദ് പാറപ്പുറം ഗാന രചനയും, ബിനു മലയാറ്റൂർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. തലവൻ സിനിമയുടെ എഴുത്തുകാരിലൊരാളായ ആനന്ദ് തേവർക്കാട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം സന്തോഷ് അണിമ. ആലാപനം അരവിന്ദ് നായർ. സിനിമാ താരം ശങ്കർ ഇന്ദുചൂഡൻ , വനിതാ പോലീസുദ്യോഗസ്ഥ ഡിനി എന്നിവരോടൊപ്പം , അഫ്ഗാൻ, അംഗോള എന്നിവിടങ്ങളിൽ നിന്നുള്ളവരും, മറ്റ് സിനിമാ താരങ്ങളും അഭിനയിക്കുന്നു. നല്ലൊരു സന്ദേശം നൽകുന്ന ആൽബം ഒറ്റ ദിവസം കൊണ്ട് പതിനായരത്തിലേറെ പേരാണ് പങ്കുവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം