മലപ്പുറത്തെ ശക്തികേന്ദ്രത്തിൽ സിപിഎമ്മിന് ഭീഷണി പഴയ സഖാവ്, ചെങ്കോട്ട പിടിക്കാൻ ചുമട്ട് തൊഴിലാളി; വട്ടക്കുളത്ത് തരംഗം തുടരുമെന്ന് സുകുമാരൻ

Published : Nov 04, 2025, 03:23 PM IST
es sukumaran

Synopsis

നാല്‍പ്പത് വര്‍ഷം കുത്തകയായിരുന്ന പഞ്ചായത്ത് ഭരണം പ്രാദേശിക തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ സി പി എമ്മിന് നഷ്ടപെട്ടിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും ഈ തരംഗം തുടരുമെന്നാണ് സുകുമാരന്‍റെ പക്ഷം

മലപ്പുറത്തെ ശക്തി കേന്ദ്രമായ വട്ടംകുളം പഞ്ചായത്തില്‍ സി പി എമ്മിന് ഭീഷണി ഉയര്‍ത്തുന്നത് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഒരു ചുമട്ട് തൊഴിലാളിയാണ്. നേരത്തെ ഉപ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ സി പി എമ്മിനെ തോല്‍പ്പിച്ച പഴയ സഖാവ് ഇ എസ് സുകുമാരൻ ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കി എൽ ഡി എപിനെ നേരിടുകയാണ്. നാല്‍പ്പത് വര്‍ഷം കുത്തകയായിരുന്ന പഞ്ചായത്ത് ഭരണം പ്രാദേശിക തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ സി പി എമ്മിന് നഷ്ടപെട്ടിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും ഈ തരംഗം തുടരുമെന്നും സി പി എമ്മും എൽ ഡി എഫും പരാജയപ്പെടുമെന്നുമാണ് സുകുമാരന്‍റെ പക്ഷം.

സുകുമാരന്‍റെ പോരാട്ടം

സി പി എം പുറത്താക്കിയതോടെ തുടങ്ങിയതാണ് ഇ എസ് സുകുമാരന്‍റെ പോരാട്ടം. സി പി എം കോട്ടയില്‍ വാര്‍ഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി സി പി എമ്മിന് ആദ്യ പ്രഹരമേകി. അഞ്ഞൂറോളം വോട്ടുകളുടെ ഭൂരിപക്ഷം സി പി എമ്മിന് കിട്ടിയ വാര്‍ഡില്‍ അതെല്ലാം കാറ്റിൽ പറത്തി 142 വോട്ടുകള്‍ക്കായിരുന്നു സുകുമാരന്‍റെ വിജയം. പ്രദേശത്ത് സുകുമാരന്‍റെ സ്വാധീനം ബോധ്യപെട്ട യു ഡി എഫ് അവസാന നിമിഷം സ്ഥാനാർഥിയെ പിൻവലിച്ച് സുകുമാരന് പിന്തുണയും നല്‍കിയിരുന്നു. തോല്‍പ്പിച്ചതിന്‍റെ വിരോധത്തില്‍ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് സി പി എമ്മിനെതിരെ ചുമട്ട് തൊഴിലാളികൂടിയായ സുകുമാരൻ ഹൈക്കോടതിയില്‍ നിയമ പോരാട്ടം തുടങ്ങിയതും കേരളം കണ്ടു. പഞ്ചായത്ത് തെരെഞ്ഞെടുപ്പെത്തിയതോടെ സുകുമാരൻ സര്‍വ ശക്തിയും ഉപയോഗിച്ച് സി പി എമ്മിനെ നേരിടുകയാണ്. ഇപ്പോള്‍ ഒറ്റക്കല്ല ജനകീയ മുന്നണിയുണ്ടാക്കിയാണ് പോരാട്ടം. വട്ടംകുളം പഞ്ചായത്തിലെ 15,16 വാര്‍ഡുകളിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കുമാണ് മത്സരമെന്ന് ഇ എ സുകുമാരൻ വ്യക്തമാക്കി.

അനൈക്യത്തിൽ വിജയ സാധ്യത തിരിച്ചറിഞ്ഞ് യു ഡി എഫ്

സി പി എമ്മിന്‍റെ കോട്ടയില്‍ അവരുടെ അനൈക്യത്തിലാണ് വിജയ സാധ്യതയെന്ന് തിരിച്ചറിയുന്ന യു ഡി എഫ് ഉപതെരെ‍ഞ്ഞെടുപ്പിൽ എന്ന പോലെ ഇത്തവണയും സുകുമാരനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. സുകുമാരനെ കൈ വിടില്ലെന്ന് കോൺഗ്രസ് നേതാവ് എം എ നജീബ് വ്യക്തമാക്കി. അപ്രതീക്ഷിതമായി കിട്ടിയ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ സ്ഥിരം പദ്ധതികള്‍ക്ക് പുറമേ മികച്ച ഒരു പഞ്ചായത്ത് ഓഫീസ് കെട്ടിടമടക്കം നിർമ്മിച്ചത് ഗുണം ചെയ്യുമെന്നാണ് യു ഡി എഫ് പ്രതീക്ഷ. എന്നാൽ പ്രാദേശികമായ എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചെന്നും പഴയ പ്രതാപകാലം ഈ തെരഞ്ഞെടുപ്പിലും തിരിച്ചുവരുമെന്നുമാണ് സി പി എം നേതാക്കളുടെ അവകാശ വാദം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി