അര്‍ധരാത്രി രോഗം മൂര്‍ച്ഛിച്ചു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിട്ട് നല്‍കാതെ തോട്ടം ഉടമ

By Web TeamFirst Published Apr 2, 2020, 11:06 AM IST
Highlights

ലോക് ഡൗണ്‍ ആയതിനാലും അര്‍ധരാത്രി പിന്നിട്ടതിനാലും മറ്റ് വാഹനങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചിട്ടും ധിക്കാരപരമായ സമീപനമാണ് ഉടമ സ്വീകരിച്ചത്.

ഇടുക്കി: അര്‍ധരാത്രിയില്‍ രോഗം മൂര്‍ച്ഛിച്ച യുവതിയെ ആശുപത്രിയില്‍  കൊണ്ടുപോകുന്നതിനായി വാഹനം വിട്ട് നല്‍കാതെ തോട്ടം ഉടമയുടെ ക്രൂരത. നെടുങ്കണ്ടം കല്‍ക്കൂന്തലില്‍ സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്പര്‍വൈസറിന്റെ കുടുംബമാണ് ദുരവസ്ഥ നേരിട്ടത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് എത്തിയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.  

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. നെടുങ്കണ്ടം കല്‍ക്കൂന്തലിലെ ഗീതാഞ്ജലി എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ യുവാവിന്റെ ഭാര്യയ്ക്ക് കലശലായ വയറു വേദന അനുഭവപ്പെടുകയായിരുന്നു. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാഹനം വിട്ട് നല്‍കണമെന്ന് ഇയാള്‍ തോട്ടം ഉടമയോട് ആവശ്യപെട്ടു. എന്നാല്‍ ലോക് ഡൗണ്‍ ആയതിനാല്‍ വാഹനം വിട്ട് നല്‍കാനാവില്ലെന്നും ആവശ്യമെങ്കില്‍ വേറെ വാഹനം ഏര്‍പ്പാടാക്കി പോകുവാനും തോട്ട ഉടമ അറിയിക്കുകയായിരുന്നു. ലോക് ഡൗണ്‍ ആയതിനാലും അര്‍ധരാത്രി പിന്നിട്ടതിനാലും മറ്റ് വാഹനങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചിട്ടും ധിക്കാരപരമായ സമീപനമാണ് ഉടമ സ്വീകരിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് യുവാവ് ഇവിടെ ജോലിയ്ക്ക് പ്രവേശിച്ചത്. പ്രദേശവാസികളെ പരിചയമില്ലാത്തതിനാല്‍ വാഹനം കണ്ടെത്തുവാനും ബുദ്ധിമുട്ടി. തുടര്‍ന്ന് യുവാവ് നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ നിന്നും എസ്ഐ റ്റി സി റോയിമോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തോട്ടത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം യുവതിയെ കാല്‍നടയായി പൊലീസ് വാഹനത്തിന് സമീപത്ത് എത്തിച്ചു. അപ്പോഴേയ്ക്കും യുവതി തളര്‍ന്ന് വീണു. ഉടന്‍ തന്നെ യുവതിയെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. യുവാവിന്റെ ശമ്പളവും നല്‍കാന്‍ തോട്ടം ഉടമ തയ്യാറായില്ല. രോഗിയുടെ അവസ്ഥ പൊലീസ് അറിയിച്ചെങ്കിലും യുവാവിനോട് നേരിട്ടെത്തി പണം വാങ്ങാനാണ് ഉടമ അറിയിച്ചത്. ജോലി ചെയ്ത പണമെങ്കിലും ഉടന്‍ നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് ശമ്പളം ഭാഗികമായി നല്‍കിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!