ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിട്ടും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ കട്ടപ്പുറത്ത്, പണമടച്ചവര്‍ ദുരിതത്തിൽ

Published : May 23, 2026, 10:32 PM IST
KSRTC DRIVING SCHOOL

Synopsis

മുന്‍ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്ത് മൂന്നുമാസം കഴിഞ്ഞിട്ടും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പരിശീലനത്തിനായി പണമടച്ചവര്‍ക്ക് പരിശീലനം ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതെ ദുരിതത്തിലാണ്. 

തൃശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിട്ടും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ കട്ടപ്പുറത്ത് തന്നെ. പരിശീലനത്തിനായി പണമടച്ചവര്‍ ദുരിതത്തിലായി. ഫെബ്രുവരി 19ന് മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത ഗുരുവായൂര്‍ കെഎസ്ആര്‍ടിസി. ഡ്രൈവിങ് പരിശീലന കേന്ദ്രമാണ് പൂര്‍ണമായും നിശ്ചലാവസ്ഥയിലായിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വ്യക്തിക്ക് പോലും ഇവിടെനിന്ന് പരിശീലനം നല്‍കാന്‍ സാധിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ 34ാമത് ഡ്രൈവിങ് സ്‌കൂള്‍ തുടക്കത്തിലേ കട്ടപ്പുറത്തായ' അവസ്ഥയിലാണ്.

നിലവിലെ കെഎസ്ആര്‍ടിസി. കെട്ടിടത്തില്‍ രണ്ട് മുറികള്‍ ഓഫീസിനായി അനുവദിച്ചതൊഴിച്ചാല്‍ മറ്റ് യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ധൃതിപിടിച്ചുള്ള ഉദ്ഘാടനമായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചാവക്കാട് നഗരസഭ ഗ്രൗണ്ടാണ് ഡ്രൈവിങ് പരിശീലനത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിന് മുന്‍കരുതലുകളോ പഠനങ്ങളോ നടത്താതെയാണ് ഈ സ്ഥലം തിരഞ്ഞെടുത്തതത്രെ. ഒടുവില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ പരിശീലനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ നിസംഗഭാവേന കൈമലര്‍ത്തുകയാണുണ്ടായത്. നിലവില്‍ കെ എസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ സൗകര്യമൊരുക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.

ഉദ്ഘാടനത്തിന്റെ പിറ്റേന്ന് തന്നെ തിരുവനന്തപുരത്തുനിന്ന് പരിശീലനത്തിനായുള്ള കാര്‍ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വാഹനം പോലും ഗുരുവായൂര്‍ ഡിപ്പോയില്‍ എത്തിയിട്ടില്ല. ഇതിനിടെ കെഎസ്ആര്‍ടിസിയെ വിശ്വസിച്ച് ഇരുചക്ര വാഹന ലൈസന്‍സിനായി ഒമ്പതുപേര്‍ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 10 പേര്‍ തികയാതെ പരിശീലനം ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിചിത്രമായ മറുപടി. ഒരാളുടെ കുറവ് പറഞ്ഞ് തങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരേ കടുത്ത അമര്‍ഷത്തിലാണ് അപേക്ഷകര്‍. പണമടച്ചവര്‍ക്ക് എന്നുമുതല്‍ പരിശീലനം തുടങ്ങാനാകുമെന്ന് പറയാന്‍ പോലും ഓഫീസില്‍ ആളില്ല. അടച്ച പണം തിരികെ കിട്ടാന്‍ ഇനി എന്തു ചെയ്യണമെന്ന് അധികൃതര്‍ക്കു പോലും പറയാനാകുന്നില്ലതാനും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, കൊല്ലത്ത് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു
വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റു, 17കാരൻ മരിച്ചു