
കൊല്ലം: പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 10 വരെ. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍, സൗജന്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, സംരംഭകര്‍ക്ക് വേണ്ട ലൈന്‍സസുകള്‍, വ്യവസായ അനുമതികള്‍ എന്നിവ സൗജന്യമായി നല്‍കല്‍ തുടങ്ങി വന്‍ ഓഫറുകളുള്ള പുസ്തകമേള വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ആധാര്‍ ബയോമെട്രിക് അപ്ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്ഡേറ്റിങ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചിനും 15 വയസിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് അപ്ഡേറ്റ് എന്നിവ സൗജന്യമായി രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ അക്ഷയ സ്റ്റാളുകളില്‍ ലഭിക്കും.
എ. ഐ പവര്‍ ടൂളുകള്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് തത്സമയ, സംവേദനാത്മക അനുഭവങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയകരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മണ്ണ് സംരക്ഷണം, ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ശുചിത്വ മാലിന്യസംസ്‌കരണം, സാധ്യതകള്‍ വെല്ലുവിളികള്‍, പൊതുമരാമത്ത് വകുപ്പിന്റെ മാതൃകകള്‍ തുടങ്ങിയവും സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുറമെ വ്യവസായവകുപ്പ്, കുടുംബശ്രീ, സഹകരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ ഉത്പ്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ട്.
നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ മുതല്‍ ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പ്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, കൈത്തറി, നെയ്ത്ത് വസ്ത്രങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, ചക്ക വിഭവങ്ങള്‍, പഴയക്കാല മധുര പലഹാരങ്ങള്‍, മധുര പാനീയങ്ങള്‍, മുള കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുകള്‍, തേന്‍ ഉത്പ്പന്നങ്ങള്‍, മ്യൂറല്‍ പെയിന്റിങുങ്ങള്‍, മുളയില്‍ തീര്‍ത്ത കൊത്തുപണികള്‍, കൃഷിവകുപ്പിന്റെ കാര്‍ഷിക വിപണന മേള- സന്ദര്‍ശകര്‍ക്ക് ഒരു കുടകീഴില്‍ എല്ലാം ലഭ്യമാവുന്ന തരത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്. മേളയോടനുബന്ധിച്ച് വൈകിട്ട് തേക്കിന്‍കാട് ആന്റ് ആട്ടം ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ അരങ്ങേറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam