
തൃശൂര്‍: ഡ്രൈഡേ ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് പിടികൂടി. എടവിലങ്ങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി വെച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു.
ഇയാൾ മുൻപ് ചാരായം വാറ്റിയ കേസിലും മദ്യവില്പന നടത്തിയ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ എ.വി.മോയിഷ്, പി ആർ സുനിൽകുമാർ, കെ.എസ് മന്മഥൻ, അനീഷ് ഇ പോൾ, ടി.രാജേഷ്, എ.എസ്.റിഹാസ്, കെ.എം.സിജാദ്, കെ.എം.തസ്‌നിം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ സ്വദേശി ഷമിൽ ഷെരീഫ് ചന്ദനാത്ത്(22) ആണ് 12 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡും, തൃശൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡും, ദേശീയ പാത പട്രോളിംഗ് പാർട്ടിയും ചേർന്ന് പിടികൂടിയത്.
ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ഷമിൽ ഷെരീഫിനെ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. സ്റ്റേറ്റ് സ്‌ക്വാഡിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ, മൂന്ന് ടീമുകളായി തിരിഞ്ഞാണ് പുലർച്ചെ മണ്ണുത്തിയിൽ വാഹന പരിശോധന ആരംഭിച്ചത്. ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണക്കാരുടെ കയ്യിൽ നിന്നും വാങ്ങിയ കഞ്ചാവ് ബസിൽ ആലുവയിലേക്ക് കടത്താനായിരുന്നു പ്രതിയുടെ പ്ലാൻ. ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന ചെറിയ പൊതികളിലാക്കി, ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ഇയാൾ വില്പന നടത്തിയിരുന്നു. ആലുവയിലും പെരുമ്പാവൂരിലുമായി ഒരു ദിവസം നൂറോളം ചെറു പൊതികൾ വിൽപ്പന നടത്തിയിരുന്നെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
250കോടി കളക്ഷൻ, 10കോടി വച്ച് എല്ലാവർക്കും കിട്ടിയെന്ന്, കടം ചോദിച്ച് ആൾക്കാരും: ചന്തു സലിംകുമാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam