
പാലക്കാട്: മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പാലക്കാട് വാളയാറിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. മീൻ വണ്ടിക്കുള്ളിൽ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. സി ആർ സെവൻ എന്ന് പേരിട്ട മീൻവണ്ടിയിലാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
അതേസമയം പാലക്കാട് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത കൂറ്റനാട് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയവർ പിടിയിലായി എന്നതാണ്. പെരിന്തൽമണ്ണ സ്വദേശികളായ നാലുപേരാണ് ചാലിശ്ശേരി പൊലീസിന്‍റെ വലയിലായത്. ഇന്ധനം അടിച്ച് പണം നൽകാതെ മുങ്ങിയ സംഭവത്തിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണെന്നതാണ് മറ്റൊരു കാര്യം. പുതുവത്സര ദിനത്തിൽ പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൂറ്റനാട് വാവനാട്ടെ ചാലിപ്പുറം പമ്പിൽ നിന്നാണ് ഇവർ ഇന്ധനം നിറച്ചത്. ഇവർ മൂവായിരം രൂപയ്ക്കാണ് ഡീസൽ അടിച്ചത്. ശേഷം പണം നൽകാതെ മുങ്ങുകയായിരുന്നു. ഉടൻ തന്നെ പമ്പ് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. സി സി ടി വി ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി. വാഹന നമ്പർ പരിശോധിച്ച് പൊലീസ് പെരിന്തണ്ണൽ മണ്ണയിലെത്തി. അപ്പോഴാണ് പ്രതികൾ കാറ് വാടകയ്ക്ക് എടുത്തതെന്ന് മനസ്സിലായത്. മേൽവിലാസം പരിശോധിച്ച് പ്രതികളിലെത്തി. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സാബിത്ത്, അൽത്താഫ് എന്നിവരാണ് മറ്റുരണ്ടുപേർ. പണം തിരികെ കിട്ടിയാൽ മതിയെന്ന് പമ്പുടമ പറഞ്ഞതിനാൽ പ്രതികളെ താക്കീത് ചെയ്ത് വിട്ടയച്ചു.