
തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീൽസ് താരവുമായ മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ വിനീത് (26), കൂട്ടാളി കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച് കാറും പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ ആണ് റിമാൻഡിലായിരുന്ന ഇവരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. നഗരൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.
കവർച്ചയ്ക്കു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവർ സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോ റിക്ഷയിലാണ് രക്ഷപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടന്നു. അടുത്ത ദിവസം വിനീത് തിരികെ കിളിമാനൂരിൽ മടങ്ങിയെത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.
മാർച്ച് 23 ന് ആണ് കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടത്തിയത്. ഇന്ത്യനോയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ആലം ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐ ബാങ്കിൽ അടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ ഇവർ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam