ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ബാഗും ഉള്‍പ്പെടെ തട്ടിയെടുത്താണ് സംഘം കടന്നുകളഞ്ഞത്. ഇവരെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വിരമിച്ച വിവാഹമോചിതനായ ഡോക്ടറെ കബളിപ്പിച്ച് യുവതിയും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തു. കോഴിക്കോട് സ്വദേശിയായ ഡോക്ടറാണ് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളുടെ തട്ടിപ്പിനിരയായത്. 5.2 ലക്ഷം രൂപയും ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുമാണ് യുവതിയും സംഘവും അടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹമോചിതനായ ശേഷം പുനര്‍വിവാഹത്തിന് പത്രപ്പരസ്യം നല്‍കിയിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് സംഘം മുതലെടുപ്പ് നടത്തിയത്. പരസ്യത്തില്‍ നല്‍കിയ ഡോക്ടറുടെ ഫോണ്‍ നമ്പറില്‍ ഒരു യുവാവാണ് ആദ്യം വിളിച്ചത്.
വിവാഹത്തിന് താല്‍പര്യമുള്ള ഒരു യുവതിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. പിന്നീട് യുവതി ഉള്‍പ്പെടെ നാലംഗ സംഘം കോഴിക്കോട്ടെത്തി ഡോക്ടറെ കാണുകയായിരുന്നു. യുവതിയെ കണ്ട് ഇഷ്ടമായ ഡോക്ടര്‍ വിവാഹത്തിന് സമ്മതം നല്‍കി. പിന്നീട് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങളാണ് നടന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുതന്നെയുള്ള ഒരു ഹോട്ടലില്‍ വെച്ച് അതികം വൈകാതെ തന്നെ ഡോക്ടറും യുവതിയും തമ്മിലുള്ള വിവാഹ ചടങ്ങ് ഉറപ്പിക്കുകയായിരുന്നു. ഇതിന്റെ ചിലവിലേക്കായി 5,20,000 രൂപയാണ് സംഘം ഡോക്ടറില്‍ നിന്ന് കൈക്കലാക്കിയത്. കൂടാതെ താലിയായി രണ്ട് പവന്റെ മാലയും വാങ്ങിപ്പിച്ചു.
വധുവിന്റെ വീട്ടുകാരെന്ന മട്ടില്‍ ഏതാനും ബന്ധുക്കളെയും അന്നേ ദിവസം യുവതിയും സംഘവും ഹോട്ടലില്‍ എത്തിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനായി എത്തിച്ചേര്‍ന്ന ഡോക്ടറെ സംഘം മുറിയിലിട്ട് പൂട്ടി കടന്നുകളയുകയായിരുന്നു. ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ബാഗും ഉള്‍പ്പെടെ തട്ടിയെടുത്താണ് സംഘം കടന്നുകളഞ്ഞത്. ഇവരെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഡോക്ടർ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read More : 16 കാരിയെ അർധരാത്രി വീടീന് പുറത്തിറക്കി, തട്ടിക്കൊണ്ടുപോയി റബർ ഷെഡിലെത്തിച്ച് പീഡനം; 3 യുവാക്കൾ പിടിയിൽ