
തിരുവനന്തപുരം:വെട്ടുകാട് ബാലനഗർ കോളനിയിൽ ശ്രീക്കുട്ടിയും ഭർത്താവ് രാജേഷും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് സുരക്ഷിതമായി അന്തിയുറങ്ങാൻ ഇടമില്ലാതെ ദുരിതാവസ്ഥ നേരിടുന്നത്. 2019 ലാണ് നഗരസഭയുടെ ഭവന നിർമ്മാണ പദ്ധതിയിൽ 4 ലക്ഷം വായ്പയായി അനുവദിച്ചത്. ആദ്യം നൽകിയത് നാൽപതിനായിരം രൂപ. വീടിന്‍റെ അടിസ്ഥാനം നിർമ്മിക്കാനെന്ന ക്രമത്തിലാണ് ഈ തുക നൽകിയത്.
തുടർന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയും മുൻകൂറായി നൽകി. ഈ തുകയ്ക്ക് വീടിന്‍റെ അടിസ്ഥാനവും നിർമ്മിച്ചു ചുവരുകളും നിർമ്മിച്ചു. വീടിന്‍റെ മേൽക്കൂര വാർക്കുന്നതിനായി അടുത്ത ഗഡുവിന് വേണ്ടി നഗരസഭയെ സമീപിച്ചപ്പോൾ ശ്രീക്കുട്ടിയ്ക്ക് അധികൃതരിൽ നിന്നും ലഭിച്ച മറുപടി വീടിന്‍റെ മേൽക്കൂര കോൺക്രീറ്റ് ചെയ്ത് കാണിച്ചാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കുകയുള്ളുവെന്ന്. ഇതോടെ ശ്രീക്കുട്ടിയും കുടുംബവും വെട്ടിലാകുകയായിരുന്നു. മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ കയ്യിൽ പണമില്ല. ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് നാലായിരം രൂപ.
കടമായി പണം നൽകി ശ്രീക്കുട്ടിയേയും കുടുംബത്തേയും സഹായിക്കാൻ ആരുമില്ല. ഇതോടെ വീട് നിർമ്മാണം നിലയ്ക്കുകയായിരുന്നു. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പർപ്പടക കമ്പനിയാണ് പ്രതിദിനം 150 രൂപ ശംബളത്തിൽ ശ്രീക്കുട്ടിക്ക് ജോലി ചെയ്യുന്നത്. രാജേഷ് വീടുകളിൽ കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യാനും പുല്ല് വെട്ടാനുമാണ് പോകുന്നത്. ഇപ്പോൾ രാജേഷിന് ജോലിയുമില്ലാത്ത അവസ്ഥയിലാണ്.
വീടിന്‍റെ മേൽക്കൂര നിർമ്മിക്കാൻ കഴിയാത്തതോടെ അയൽവാസി നൽകിയ ഇരുമ്പ് ഷീറ്റുകൾ കെട്ടി ഉയർത്തിയ ചുവരിന്‍റെ ഒരു വശത്ത് മേൽക്കൂരയാക്കി വെച്ചാണ് വെയിലത്ത് ആശ്വാസം തേടുന്നതും അന്തിയുറങ്ങുന്നതും. ഈ ഷീറ്റുകളാണെങ്കിൽ കാലഹരണപ്പെട്ടതുമാണ് അതുകൊണ്ടുതന്നെ രാത്രിയിൽ മഴ പെയ്താൽ കുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ച് ഒരു മൂലയിലേക്ക് ഒതുങ്ങി ഉറക്കമിളക്കേണ്ട അവസ്ഥയിലാണ്.
ഒരു മുറിയെങ്കിലും പണിപൂർത്തിയാക്കാൻ ആരെങ്കിലും സാഹായിച്ചെങ്കിൽ അത്രയും ആശ്വാസമാകുമായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. ഭവനമില്ലാത്ത നിർദ്ധനർക്ക് ഭവനവായ്പ അനുവദിക്കുന്നുവെന്ന് പറഞ്ഞപ്പോൾ വീട് പൂർത്തിയാക്കാൻ വരെ മുൻകൂർ തുക നൽകുമെന്ന് വിചാരിച്ചാണ് വായ്പയ്ക്ക് വേണ്ടി ഇറങ്ങി തിരിച്ചത്. ഉണ്ടായിരുന്ന ഓലക്കുടിൽ പൊളിച്ച് കളഞ്ഞിട്ടായിരുന്നു വീടിന്‍റെ നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ വായ്പയുമില്ല അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു മുറി പോലും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്
തങ്ങളെന്ന് രാജേഷ് പറയുന്നു.