
തൃശൂർ: കനത്ത മഴയിൽ വെള്ളക്കെട്ടിലായ വീട്ടിൽ നിന്നും നവജാത ശിശുവിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി പഞ്ചായത്തംഗങ്ങൾ. വെള്ളക്കെട്ട് രൂക്ഷമായ കയ്പമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡ് സലഫി സെന്‍ററിന് വടക്ക് ഭാഗത്ത് നിന്നുമാണ് കുഞ്ഞിനെയും കുടുംബത്തെയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയത്. അരയാൾ പൊക്കത്തിൽ വെള്ളമുയർന്ന റോഡിലൂടെ ചങ്ങാടത്തിൽ കയറ്റിയാണ് കുടുംബത്തെ പുറത്തെത്തിച്ചത്.
വാർഡ് മെമ്പർമാരായ സൈനുൽ ആബിദീൻ, ജിനൂപ് അബ്ദുറഹിമാൻ, സന്നദ്ധ പ്രവർത്തകരായ നാസർ, ഷമീർ, സലാം എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത വെള്ളക്കെട്ടുള്ള ഈ പ്രദേശത്ത് നിന്നും കഴിഞ്ഞ ദിവസം 5 കുടുംബങ്ങളെ കൂരിക്കുഴിയിലെ ദുരിതാശ്വാസ ക്യാമ്പിലെക്ക് മാറ്റിയിരുന്നു.
നാൽപ്പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കുടുംബത്തെയും ഫ്ലാറ്റ് വാടകക്കെടുത്താണ് ഇവിടെ നിന്നും മാറ്റിയത്. കനത്ത മഴ തുടരുന്ന ഇവിടെ ഇനിയും കൂടുതൽ വീടുകൾ വെള്ളത്തിലാണ് സാധ്യതയുണ്ടെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്.