ഗൃഹനാഥന്‍റെ ഇരുവൃക്കകളും തകരാറില്‍; ചികിത്സാ ചെലവ് കണ്ടെത്താനാവാതെ കുടുംബം

Published : Dec 17, 2022, 01:42 AM IST
 ഗൃഹനാഥന്‍റെ ഇരുവൃക്കകളും തകരാറില്‍; ചികിത്സാ ചെലവ് കണ്ടെത്താനാവാതെ കുടുംബം

Synopsis

വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 20 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സുഹൃത്തുക്കളുടേയും വേണ്ടപ്പെട്ടവരുടെയും കാരുണ്യത്തിലാണ് ഈ കുടുംബം കഴിയുന്നതും ചികിത്സ നടത്തുന്നതും

ഹരിപ്പാട്: ഇരുവൃക്കകളും തകരാറിലായ ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ഭാര്യ. വീട്ടമ്മയായ ഉഷാകുമാരിക്ക് ഇപ്പോൾ ഒരേയൊരു പ്രാർഥനയേ ഉള്ളു. എങ്ങിനെയും തന്റെ ഭർത്താവിന്റെ ജീവൻ നിലനിലനിർത്തണം. പക്ഷേ, അതിനുള്ള ഭാരിച്ച ചികിത്സാ ചെലവുകൾക്കു മുന്നിൽ തളർന്നിരിക്കാനേ അവർക്കു കഴിയുന്നുള്ളു. ഹരിപ്പാട് നഗരസഭ 11-ാം വാർഡ് പിലാപ്പുഴ തെക്ക്, വാലുപറമ്പിൽ സി മധു കുട്ടൻ എന്ന 52കാരന്‍റെ വൃക്കകളാണ് തകരാറിലായത്.  

രണ്ടു വൃക്കയും പ്രവർത്തന രഹിതമായതിനെ തുടർന്ന് മധുവിന് ജോലിക്കു പോകാനാവാതെ വന്നതോടെയാണ് ഉഷാകുമാരിയുടെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറാനിടയാക്കിയത്. മധുവിന്റെ ജീവിതത്തിൽ ദുഖത്തിന്റെ കരിനിഴൽ പരന്നിട്ട് ഏഴു മാസമായി. പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് മരപ്പണിയിൽ ശാസ്ത്രീയപഠനം പൂർത്തിയാക്കിയ മധുകുട്ടൻ രണ്ടു പതിറ്റാണ്ടായി ഫർണിച്ചർ നിർമാണ രംഗത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് വിൽപ്പനയുമുണ്ടായിരുന്നു മധുവിന്. കുടുംബത്തിന്റെ ജീവിത മാർഗ്ഗമായിരുന്നു അത്. അതിനിടെ പ്രമേഹരോഗം അലട്ടിയിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. 

എന്നാല്‍ പിന്നീട് മധുവിന്‍റെ രണ്ടു വൃക്കകളും പ്രവർത്തന രഹിതമാവുകയായിരുന്നു. തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സാർഥം വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഴ്ചയിൽ മൂന്ന് ഡയാലിസിസ്, പിന്നെ കുറെയധികം മരുന്നുകൾ. ഇവയാണ് മധുവിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ഇതിന് മാത്രം ആയിരങ്ങളുടെ ചെലവുണ്ട്. അടിയന്തരമായി ഒരു വൃക്കയെങ്കിലും മാറ്റി വെച്ചാൽ മാത്രമേ മധുകുട്ടന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. 

ആശുപത്രി ചെലവും മരുന്നുകളുടെ ചെലവും താങ്ങാനാവാത്ത നിലയിലാണ് മധുവിന്‍റെ കുടുംബമുള്ളത്. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 20 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സുഹൃത്തുക്കളുടേയും വേണ്ടപ്പെട്ടവരുടെയും കാരുണ്യത്തിലാണ് ഈ കുടുംബം കഴിയുന്നതും ചികിത്സ നടത്തുന്നതും. മാസം 12 ഓളം ഡയാലിസിസ് വീതമാണ് കഴിഞ്ഞ ഏഴ് മാസമായി നടത്തുന്നത്. ഒപ്പം സ്ഥിരം മരുന്നുകളുടെയും മറ്റു ദൈനം ദിന ചെലവുകളും വഹിക്കണം. 

രോഗം തിരിച്ചറിയുന്നതുവരെ നാലംഗ കുടുംബത്തിന്റെ സംരക്ഷണച്ചുമതല മധുവിനായിരുന്നു. ഇപ്പോൾ ഭാര്യ ഉഷ ഒരു കടയിൽ ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. അടച്ചുറപ്പുള്ള ഒരു വീടും മധുവിന്റെ സ്വപ്നമാണ്. പഠിക്കാൻ സമർഥരായ രണ്ടു മക്കളാണിവർക്കുള്ളത്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ അവരുടെ തുടർ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുകയാണ്. എല്ലാ വിധത്തിലും ദുരിതക്കയത്തിലാണ് ഈ കുടുംബമുള്ളത്. ഗൃഹനാഥനായ മധുവിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായാൽ എല്ലാ വിഷമങ്ങളും മാറുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പക്ഷേ, അതിന് സുമനസുകളുടെ കനിവ് തേടുകയാണ് ഉഷാകുമാരി. നാട്ടുകാരുടേയും വാർഡ് അംഗത്തിന്റെയും സഹകരണത്തോടെ മധുക്കുട്ടന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഹരിപ്പാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.  

അക്കൗണ്ട് നമ്പർ 13960100195387.
 ഐ എഫ് എസ് സി കോഡ്: FDRL 0001396. 
ഫോൺ: 8129382836, 9747509810.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ