മുരുകാ നീ തീര്‍ന്നെടാ..! സൂപ്പര്‍ഹീറോ ആയി 'പുലി ഗോപാലന്‍'; ഒരുനോക്ക് കാണാന്‍ ആരാധകരുടെ ഒഴുക്ക്

By Web TeamFirst Published Sep 6, 2022, 4:15 PM IST
Highlights

ഗോപാലന്‍റെ ആശുപത്രി ചെലവും വാഹനക്കൂലിയും സർക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്കായി ആദ്യഘട്ടത്തിൽ 5,000 രൂപ വനംവകുപ്പ് നൽകി. കൂടുതൽ ചികിത്സാചെലവ് വന്നാൽ അതും വനംവകുപ്പ് വഹിക്കുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ പറഞ്ഞു.

ഇടുക്കി: മാങ്കുളത്ത് പുലിയെ ജീവരക്ഷാർത്ഥം വെട്ടിക്കൊന്ന കർഷകൻ ​ഗോപാലനെ കാണാൻ ആരാധക പ്രവാഹം. നിലവിൽ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ചിക്കണാംകുടി സ്വദേശിയായ ​ഗോപാലൻ. കാണാൻ വരുന്നവർ പുലിയെ കീഴ്‌പ്പെടുത്തിയതിന്‌ സമ്മാനങ്ങളും ചെറിയ ധനസഹായങ്ങളും ​ഗോപാലന് നൽകുന്നുണ്ട്. വീരപരിവേഷമാണ് ചിക്കണാംകുടിക്കാർ ​ഗോപാലന് നൽകിയിരിക്കുന്നത്.

ഗോപാലന്‍റെ ആശുപത്രി ചെലവും വാഹനക്കൂലിയും സർക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്കായി ആദ്യഘട്ടത്തിൽ 5,000 രൂപ വനംവകുപ്പ് നൽകി. കൂടുതൽ ചികിത്സാചെലവ് വന്നാൽ അതും വനംവകുപ്പ് വഹിക്കുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ പറഞ്ഞു. ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പുലിയെ വെട്ടിയത്. ചത്തുപോകുമെന്നൊന്നും കരുതിയിരുന്നില്ല. വനം വകുപ്പ് ജീവനക്കാർ വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും ​ഗോപാലൻ പറഞ്ഞു.

തലയ്ക്ക് ഏറ്റ ക്ഷതമാണ് പുലിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു. കൃഷിയിടത്തിലേക്ക് പോകവേ അക്രമിക്കാൻ കുതിച്ചെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ ഇയാൾക്ക് സാരമായ പരിക്കേറ്റിരുന്നു.

ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം. പത്തു വയസ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ തൂക്കമുള്ള പുലിയ്ക്ക് 10 വയസ് പ്രായമുണ്ട്. മിക്ക പുലികളുടേയും ആയുസ് 13 വർഷമാണ്. ചത്ത പുലി പ്രായമായതാണ്. പല്ലുകൾ കൊഴിഞ്ഞു പോയിരുന്നു. അതിനാലാണ് ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇത്തരത്തിൽ പ്രായമായ പുലികൾ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകാറുണ്ട്.

അതേസമയം, വന്യ മൃഗങ്ങളുടെ ഭീഷണി നേരിടുന്നവരും, വനാതിർത്തികളിൽ താമസിക്കുന്നവരുമായ ജനങ്ങൾക്കായി വനം വകുപ്പ് ബോധവൽകരണ ക്ലാസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ക്ലാസ് നടത്തുന്നതെന്ന് മാങ്കുളം ഡിഎഫ്ഒ ബി ജയചന്ദ്രൻ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാഗം, നാട്ടിൽ ഇറങ്ങുവാൻ ഉള്ള കാരണം, ഇവയിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗ്ഗക്കൾ, ഇതിനുള്ള മുൻ കരുതൽ എന്നീ വിഷയങ്ങളിലാവും ക്ലാസ് നടക്കുക. ആദ്യ ക്ലാസ് ഓണത്തിന് ശേഷം മാങ്കുളം ആറാം മൈലിൽ നടക്കും. 

'പുലി ഗോപാലന്‍' കൊന്ന പുലിയുടെ മരണം സംഭവിച്ചത് ഇങ്ങനെ; പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പറയുന്നത്

click me!