
ശാന്തൻപാറ : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അതേസമയം പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ പോലൊരു ജീവി പാഞ്ഞുപോകുന്നത് കണ്ടത്. അൽപ്പം മാറി മറ്റൊരാളും പുലിയെ കണ്ടെന്നാണ് പറയുന്നത്. വനം വകുപ്പ് പരിശോധനയിൽ പുലിയുടെ കാൽപ്പാട് കണ്ടെത്താൻ കഴിഞ്ഞില്ല. കുടപ്പാറ ക്ഷേത്രതിന് സമീപതെ ഒരു വീട്ടിലേ ആടിനെ കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുലി ഇറങ്ങി എന്നാണ് വനം വകുപ്പ് പ്രാഥമിക നിഗമനം. പുലിയെ കണ്ടെത്താൻ വനം വകുപ്പ് കൂട് സ്ഥാപിക്കും.
വനത്തിൽ നിന്ന് 300 മീറ്റർ മാറി മാത്രമാണ് കുടപ്പാറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേരത്തെ മറ്റ് വന്യ ജീവികളുടെയും സാന്നിദ്ധ്യം ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും പുലി പോലെയുള്ള ജീവികൾ ഇവിടെ ഇറങ്ങിയിട്ടില്ല. ഈ ക്ഷേത്രത്തിന് എതിർവശത്തുള്ള പ്രദേശമായ വട്ടുപതറയിൽ പുലിയെ കണ്ടിട്ടുണ്ട്. അതേസമയം പുലിയെ കണ്ടെന്ന സംശയം വന്നതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam