
ഇടുക്കി: ഇടുക്കി മമ്മട്ടിക്കാനത്ത് വീടുകയറി ആക്രമിച്ച മരുമകനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കൽ ഷിബുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മുന്‍ ഭാര്യയുടെ മാതാപിതാക്കളായ മമ്മട്ടിക്കാനം മാരാർസിറ്റി കൈപ്പള്ളിൽ ശിവൻ, ജഗദമ്മ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
ശിവൻറെ മകൾ ഷീജയും ഷിബുവും വിവാഹബന്ധം വേർപിരിഞ്ഞവരാണ്. ഇരുവരുടേയും കുട്ടി ശിവനൊപ്പമാണ് താമസിക്കുന്നത്. ബന്ധം വേർപിരിഞ്ഞതോടെ ഇരു കുടുംബങ്ങളും കടുത്ത ശത്രുതയിൽ ആകുകയും, കഴിഞ്ഞ വർഷം ഷിബു സുഹൃത്തുക്കളുമായി എത്തി വീട് ആക്രമിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഷിബുവിനും ഷീജയ്ക്കും, ശിവനും, ജഗദമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസിൽ ഇരുകൂട്ടരും ഏതാനും മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ രാവിലെ ഇതിന്‍റെ വൈരാഗ്യം തീർക്കുവാൻ മമ്മട്ടിക്കാനത്ത് വീട്ടിൽ എത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടർന്ന് കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തി എടുത്ത് ഷിബു ഇരുവരെയും ആക്രമിച്ചു.
ചെറുത്ത് നിൽക്കുന്നതിൻറെ ഭാഗമായി വീട്ടിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ശിവൻ ഷിബുവിന്‍റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീട്ടിനുള്ളിലെ ഹാളിൽ വീണ ഇയാൾ സ്ഥലത്ത് തന്നെ മരിച്ചു. സ്വമേധയാ കുറ്റംസമ്മതിച്ച ശിവനും, ജഗദമ്മയും പൊലീസ് കസ്റ്റഡിയിൽ ആണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam