
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിലാക്കി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) ഓഫിസിലെത്തി പിതാവ്. സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് അധികൃതരുടെ മുന്നിൽ എത്തിയത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക അല്ലെങ്കിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുക എന്നതാണ് തന്റെ ആവശ്യമെന്നും ഇയാൾ പറഞ്ഞു. താന ഭിര പ്രദേശത്തെ നൗസർ ജോഗി ഗ്രാമവാസിയായ വിപിൻ ഗുപ്തയാണ് മൃതദേഹവുമായി എത്തിയത്. തുടർന്ന് ഡിഎം ഓഫീസിൽ സംഘർഷമുണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ട സിഎംഒ സന്തോഷ് ഗുപ്ത സ്ഥലത്തെത്തി അന്വേഷണം നടത്തി.
ലഖിംപൂർ ഖേരിയിലെ സ്വകാര്യ ആശുപത്രിയുടെ അശ്രദ്ധ കാരണമാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതെന്ന് ഇയാൾ ആരോപിച്ചു. ഗർഭിണിയായ ഭാര്യ റൂബിയെ മഹേവഗഞ്ചിലെ ഗോൾഡർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് റൂബിയുടെ ആരോഗ്യം വഷളായി. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെറ്റായ മരുന്ന് നൽകിയതിനാലാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നാലെ ശിശുവിന്റെ മൃതദേഹവുമായി ഡിഎം ഓഫീസിലെത്തി. അവിടെ ഉണ്ടായിരുന്ന സിഎംഒയോട് നീതി തേടി അദ്ദേഹം അപേക്ഷിച്ചു. വിവരം അറിഞ്ഞയുടനെ സിഎംഒ ഡോ. സന്തോഷ് ഗുപ്ത, സദർ എസ്ഡിഎം അശ്വനി കുമാർ, സിറ്റി കോട്‌വാൾ ഹേമന്ത് റായ് എന്നിവർ സ്ഥലത്തെത്തി. അന്വേഷിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam