
കോഴിക്കോട്: റോഡിലൂടെ നടന്നുപോയ വയോധികയുടെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ 2 പേരെ പൊലീസ് പിടികൂടി. നല്ലളം ഉളിശ്ശേരിക്കുന്ന് നടുവട്ടംപറമ്പ് ആയിഷാസില്‍ നവാസ് അലി(39), മോഷ്ടിച്ച സ്വര്‍ണം വിറ്റുകൊടുക്കാന്‍ സഹായിച്ച നല്ലളം കണ്ണാരമ്പത്ത് ബാസിത്ത്(36) എന്നിവരെയാണ് ഫറോക്ക് ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30ന് പന്നിയങ്കര വി.കെ കൃഷ്ണമേനോന്‍ റോഡിലാണ് സംഭവം നടന്നത്. പന്നിയങ്കര തിരുനിലംവയല്‍ സ്വദേശിനി ശീലാവതിയുടെ സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. ചുവന്ന ഷർട്ട് ധരിച്ച് സ്‌കൂട്ടറിൽ എത്തിയ പ്രതി അതിവേഗം മാല പിടിച്ചുപറിച്ച് ഇവിടെ നിന്നും കടന്നുകളഞ്ഞു. ശീലാവതി നൽകിയ അടയാളം അനുസരിച്ചും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ചുവന്ന ഷർട്ടിട്ടയാളാണ് പ്രതിയെന്ന് വ്യക്തമായി. ഈ വഴിയിൽ അന്വേഷണം മുന്നോട്ട് പോയി. എന്നാൽ കൃത്യം നടത്തിയ ശേഷം തൻ്റെ ചുവന്ന ഷർട്ട് മാറ്റി കറുത്ത നിറത്തിലുള്ള ഷർട്ടിട്ടാണ് പ്രതി സ്ഥലത്ത് നിന്ന് കടന്നത്.
പക്ഷെ നവാസ് അലിയുടെ തന്ത്രം വിലപ്പോയില്ല. ഷർട്ട് മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല പൊലീസ് അന്വേഷണം. അധികം വൈകാതെ പ്രതിയാരെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാൾക്കായി തിരച്ചിൽ തുടങ്ങി. ഇന്ന് രാവിലെ കോഴിക്കോട് തിരുത്തിയാട് മെന്‍സ് ഹോസ്റ്റല്‍ പരിസരത്ത് വെച്ചാണ് നവാസ് അലി പിടിയിലായത്. ഉച്ചയോടെ ബാസിത്തിനെയും കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ പ്രസന്നകുമാര്‍, സീനിയര്‍ സിപിഒമാരായ ദിലീപ്, ശരത്ത് രാജന്‍, സിപിഒ പ്രജീഷ് എന്നിവരും ഫറോക്ക് ക്രൈം സ്‌ക്വാഡ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.