
തിരുവനന്തപുരം: സബ് ട്രഷറി സൂപ്രണ്ടിന്‍റെ വ്യാജ ഒപ്പിട്ട് വ്യാജ രേഖയുണ്ടാക്കി ഒന്നര ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം തൈക്കാട് വഴുതക്കാട് സ്വദേശി ഷിയാസ് (30) ആണ് അറസ്റ്റിലായത്. പ്രതിയെ മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് കോണ്‍ട്രാക്ട് പുതുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് രാജേഷ് എന്ന വ്യക്തിയിൽ നിന്ന് ഷിയാസ് പണം തട്ടിയത്.
രാജേഷ് എന്ന വ്യക്തിക്ക് പൊതുമരാമത്ത് കോണ്‍ട്രാക്ട് പുതുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനായി ട്രഷറിയിൽ ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്നാണ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജേഷിൽ നിന്ന് ഒന്നരലക്ഷം രൂപ കൈപ്പറ്റിയ ഷിയാസ് ആ പണം ട്രഷറിയിൽ അടച്ചുവെന്ന് അറിയിച്ചു.
തെളിവായി സബ് ട്രഷറി സൂപ്രണ്ടിന്‍റെ വ്യാജ ഒപ്പിട്ട രസീതും തയ്യാറാക്കി രാജേഷിന് കൈമാറി. പണം അടച്ചിട്ടും കരാര്‍ പുതുക്കുന്നതിനുള്ള ലൈസന്‍സ് കിട്ടാതായതോടെ രസീതുമായി രാജേഷും സുഹൃത്തും ട്രഷറിയിൽ നേരിട്ടെത്തി. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
രാജേഷ് പരാതിയുമായി എത്തിയപ്പോഴാണ് ട്രഷറി ഉദ്യോഗസ്ഥനും രസീത് വ്യാജമാണെന്നും അതിൽ ഇട്ടിരിക്കുന്ന തന്‍റെ ഒപ്പ് വ്യാജമാണെന്നും ട്രഷറി ഉദ്യോഗസ്ഥനും തിരിച്ചറിയുന്നത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എസിപി സ്റ്റുവെര്‍ട്ട് കീലറിന്‍റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യം, സൂരജ്, സിപിഒമാരായ മനോജ്, വൈശാഖ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.