ദുരന്തമുഖത്തെ അതിജീവന പാഠം പകർന്ന് അ​ഗ്നിസുരക്ഷാ സേനയുടെ 'മോക് ഡ്രിൽ'

By Web TeamFirst Published Jan 28, 2020, 7:16 PM IST
Highlights

സ്കൂൾ കെട്ടിടത്തിന് തീ പിടിച്ചെന്നും കുട്ടികൾ അടിയന്തിരമായി ക്ലാസ്സുകളിൽ നിന്ന് പുറത്തിറങ്ങി മൈതാനത്തെ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നുമായിരുന്നു ഉച്ചഭാഷിണിയിലൂടെ കുട്ടികൾ‌ക്ക് അറിയിപ്പ് കിട്ടിയത്.  

മുക്കം: മുക്കം മണാശ്ശേരി എംകെഎച്ച്എംഎംഒ എച്ച്എസ്എസ് സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുക്കം ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് അവതരിപ്പിച്ച മോക് ഡ്രിൽ ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയായി. തീപ്പിടുത്തമുണ്ടായാൽ പൊള്ളലേറ്റവരെ അടിയന്തിര ചികിത്സക്കായി പ്രത്യേക ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കുന്നത് മുതൽ ദുരന്ത വേളകളിൽ കെട്ടിടത്തിന്റെ മുകൾ നിലകളിൽ കുടുങ്ങിയവരെ കയർ കെട്ടി സുരക്ഷിതമായി ഇറക്കുന്ന രംഗം വരെ പുനരാവിഷ്കരിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു മോക് ഡ്രിൽ സ്കൂളിൽ അവതരിപ്പിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കുട്ടികൾ മോക് ഡ്രില്ലിൽ പങ്കെടുത്തത്. പതിവിന് വിപരീതമായി ദീർഘ നേരം മണി മുഴങ്ങിയപ്പോൾ കുട്ടികളെല്ലാവരും ഉച്ഛഭാഷിണിയിലൂടെ പുറപ്പെടുവിച്ച നിർദ്ദേശം ശ്രദ്ധിക്കാൻ തുടങ്ങി. സ്കൂൾ കെട്ടിടത്തിന് തീ പിടിച്ചെന്നും കുട്ടികൾ അടിയന്തിരമായി ക്ലാസ്സുകളിൽ നിന്ന് പുറത്തിറങ്ങി മൈതാനത്തെ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നുമായിരുന്നു ഉച്ചഭാഷിണിയിലൂടെ കുട്ടികൾ‌ക്ക് അറിയിപ്പ് കിട്ടിയത്.

ഭയ ചകിതരായി കുട്ടികൾ ക്ലാസ്സുകളിൽ നിന്ന് പുറത്തിറങ്ങി മൈതാനത്തെത്തുമ്പോഴേക്കും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സർവ്വ സജ്ജീകരണങ്ങളുമായി രക്ഷാപ്രവർത്തനങ്ങൾ‌ തുടങ്ങിയിരുന്നു. അടിയന്തിര സഹായങ്ങൾക്കായി ജീവൻ രക്ഷ വളന്റിയർമാരുടെ സേവനവും ഒരുക്കിയിരുന്നു. കേരള ഫയർ ആൻഡ് റെസ്ക്യൂ മുക്കം സ്റ്റേഷൻ ഓഫീസർ കെ.പി ജയ പ്രകാശ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.വിജയൻ, സീനിയർ ഫയർ ഓഫീസർ എം.നാസർ, പ്രിൻസിപ്പാൾ എം. സന്തോഷ്‌, സ്കൂൾ സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർ എം.പി ജാസ്മിൻ, അധ്യാപകരായ ഡോ.ഒ. വി അനൂപ്, കെ.പി ഫൈസൽ, പി.ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
 

click me!