ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗനിയന്ത്രണത്തിന്റെ ഭാഗമായി 13785 വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ തീരുമാനിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ ഇന്ന് മുതൽ സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളർത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചു.
വിശദവിവരങ്ങൾ
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ 09.01.2026, 10.01.2026 എന്നീ ദിവസങ്ങളിൽ നടത്തപ്പെടും. 09.01.2026 ൽ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും 10.01.2026 ൽ കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിങ്ങ് പ്രവർത്തനങ്ങൾ നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തിൽ 6633 വളർത്തു പക്ഷികളും, പള്ളിപ്പാട് പഞ്ചായത്തിൽ 3458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13785 വളർത്തു പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.
പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന താഴെപ്പറയുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി 8 മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിങ്ങ് പൂർത്തിയായി 3 മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടുള്ളതല്ല.
സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
1. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതന പുരം, കളർകോട് എന്നീ വാർഡുകൾ
2. അമ്പലപ്പുഴ സൗത്ത്
3. അമ്പലപ്പുഴ നോർത്ത്
4. പുന്നപ്ര സൗത്ത്
5. പുന്നപ്ര നോർത്ത്
6. പുറക്കാട്
7. കൈനകരി
8. ചമ്പക്കുളം
9. രാമങ്കരി
10. വെളിയനാട്
11. പുളിങ്കുന്ന്
12. നെടുമുടി
13. തലവടി
14. പാണ്ടനാട്
15. എടത്വ
16. തകഴി
17. തൃക്കുന്നപ്പുഴ
18. ആറാട്ടുപുഴ
19. ബുധനൂർ
20. പത്തിയൂർ
21. മുതുകുളം
22. കരുവാറ്റ
23. കുമാരപുരം
24. ഹരിപ്പാട് മുനിസിപ്പാലിറ്റി
25. കാർത്തികപ്പള്ളി
26. ചിങ്ങോലി
27. വീയപുരം
28. പള്ളിപ്പാട്
29. മാവേലിക്കര മുനിസിപ്പാലിറ്റി
30. ചേപ്പാട്
31. ചെട്ടികുളങ്ങര
32. ചെന്നിത്തല
33. മാന്നാർ


