തിരുവനന്തപുരം കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് സുഹൃത്തുക്കൾ മരിച്ചു. പിഎസ്‌സി പരിശീലനത്തിലായിരുന്ന അമൽ (21), ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 ന് പള്ളിച്ചൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് 100 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന് പിന്നിലേക്ക് പള്ളിച്ചൽ ജം‌ക്‌ഷനിൽ വച്ച് ലോറി ഇടിച്ചു കയറിയതാണെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ മുൻവശത്തെ വലത്തേ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്നലും കഴിഞ്ഞാണ് ലോറി നിന്നത്. 

അപകടം നടന്ന സ്ഥലം

 ഉടനെ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും അതുവഴിയുള്ള യാത്രക്കാരും ചേർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും ലോറിക്കടിയിൽ നിന്ന് മാറ്റി ആശുപത്രിയിൽ എത്തിച്ചത്. നേമം തൃക്കണ്ണാപുരത്ത് എംസാന്‍റ് ഇറക്കിയശേഷം നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പിഎസ്‌സി പരിശീലനത്തിലായിരുന്നു ഇരുവരുമെന്ന് നേമം പൊലീസ് പറഞ്ഞു. മൃതദേഹം നടപടികൾക്കായി മെഡിക്കൽ കോളെജിലേക്ക് മാറ്റി.