എറണാകുളത്ത് പിണർമുണ്ടയിൽ തീപിടുത്തം; റബ്ബർ ഫാക്ടറി കത്തി നശിച്ചു

By Web TeamFirst Published Feb 11, 2020, 2:36 PM IST
Highlights

തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നും ആറു യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. തീ പിടുത്തത്തിൽ ഫാക്ടറി പൂർണ്ണമായും കത്തി നശിച്ചു.

കൊച്ചി: എറണാകുളം പളളിക്കരക്കടുത്ത് പിണർമുണ്ടയിൽ റബ്ബർ ഫാക്ടറി കത്തി നശിച്ചു. രാവിലെ പതിനൊന്നേമുക്കാലോടെയാണ് തീ പിടുത്തം ഉണ്ടായത്. തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നും ആറു യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.

ഭാരത് പെട്രോളിയം കോർപ്പറേഷനിൽ നിന്നും ഫോം സ്പ്രേ ചെയ്യാൻ കഴിയുന്ന ഫയർ എഞ്ചിൻ കൂടെ എത്തിയതോടെയാണ് തീ നിയന്ത്രിക്കാൻ  പറ്റിയത്. പിണർമുണ്ട സ്വദേശി അലിയാരുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ഫാക്ടറി.

ചെരിപ്പ് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന റബ്ബറിന്റെ ബാക്കി ഭാഗം പൊടിച്ചു ഷീറ്റുകളാക്കുന്ന ഫാക്ടറിയായിരുന്നു ഇത്. റബ്ബർ മാലിന്യം കത്തിച്ചു കളയാൻ തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഥാപനത്തിനു പഞ്ചായത്ത് ലൈസൻസ് ഉണ്ടെങ്കിലും അഗ്നി ശമന മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്നാണ് പ്രാഥമിക കണ്ടെത്തൽ. തീ പിടുത്തത്തിൽ ഫാക്ടറി പൂർണ്ണമായും കത്തി നശിച്ചു.

 

click me!