
തിരുവനന്തപുരം: മുമ്പ് വലിയ തീപിടിത്തമുണ്ടായ ബണ്ട് റോഡിന് സമീപം വീണ്ടും ചവറുകൾക്ക് തീപിടിച്ചു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. പന്ത്രണ്ടേ മുക്കാലോടെ ചവറുകളിൽ തീപടരുന്നത് കണ്ട വഴിയാത്രക്കാരനാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. തിരുവനന്തപുരം യൂണിറ്റിൽ നിന്നും സംഘം എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ചവറുകളിൽ നിന്നും തീപടർന്ന് സമീപത്തെ കാട്ടിലേക്കും കയറിത്തുടങ്ങിയിരുന്നു. നഗരത്തിലെ ജനവാസകേന്ദ്രമായ ഇവിടെ ആശുപത്രിയുമടക്കം സമീപത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഫയർഫോഴ്സ് സംഘം അതിവേഗ നടപടിയിലൂടെ തീയണച്ചു.
സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ പ്രസാദിന്‍റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. പ്രദേശത്ത് ഇടയ്ക്ക് ചവറുകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇത് കണക്കിലെടുത്ത്, ചവറുകൾ ആരെങ്കിലും കത്തിച്ചതാണോയെന്നും പൊലീസും ഫയർ ഫോഴ്സും സംശയിച്ചു. ബണ്ട് റോഡിലെ ആക്രിക്കടകളുമായി ബന്ധപ്പെട്ട് ബണ്ട് റോഡിന്‍റെ വശങ്ങളിൽ വർഷങ്ങളായി പഴയ സാധനങ്ങൾ നിക്ഷേപിച്ചിരിക്കുകയാണ്. ഇത് നീക്കണമെന്ന് പലതവണ നിർദേശം നൽകിയിട്ടും മാറ്റിയിട്ടില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഭാഗത്തേക്ക് തീപടരാതിരുന്നതിനാൽ അപകടം ഒഴിവായെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam