
തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഗണഗീതം പാടിയത് ചോദ്യം ചെയ്തിൽ തർക്കം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്എസ് -ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചു. സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ ആറ് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഭക്തിഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്.
തുടർന്ന് ഇവിടെയെത്തിയ ആർഎസ്എസ്-ബിജെപി പ്രവർത്തകരുമായി തർക്കമുണ്ടായി. ഇതോടെ അൽപനേരം പരിപാടി നിര്‍ത്തിവച്ചു. പത്ത് മണിയോടെയായിരുന്നു സംഭവം.പിന്നീട് പരിപാടിക്ക് ശേഷം ഷാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തിയ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും കൈക്ക് പൊട്ടലുമുണ്ട്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. പിന്നാലെ രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam