
വിതുര: തിരുവനന്തപുരത്ത് ചേന്നൻപാറയിൽ കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചേന്നൻപാറ സ്വദേശിനിയാണ് ബുധനാഴ്ച രാത്രി പത്തു മണിയോടെ കിണറിന്റെ ആൾമറയിൽ ഇരിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസി ഓടിയെത്തി കിണറ്റിലിറങ്ങി മുങ്ങിത്താഴ്ന്ന യുവതിയെ കൈയ്ക്ക് പിടിച്ച് വെള്ളത്തിൽ താഴാതെ നിറുത്തുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ യുവതിയെ രക്ഷിച്ചു.
അഞ്ചടി അടി വ്യാസവും 45 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് യുവതി വീണത്. ഇടിഞ്ഞ വഴുക്കലുള്ള റിങ്ങിൽ നിന്നുകൊണ്ട് ശരീരഭാരം കൂടിയ യുവതിയെ കരയ്ക്ക് കയറ്റാൻ അയൽവാസിക്ക് സാധിച്ചില്ല. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയു വതിയെ റോപ്പ് നെറ്റിൽ ആണ് കരയ്ക്ക് കയറ്റിയത്. ഇവരെ പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷാണ് കിണറ്റിലിറങ്ങി യുവതിയെ രക്ഷിച്ചത്. സേനാംഗങ്ങളായ ഹരികൃഷ്ണൻ, പ്രജിത്ത്, അനൂപ്, അനൂപ് കുമാർ, പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.