
ആലപ്പുഴ: പാമ്പ് കടിയേറ്റ ഒന്നര വയസുകാരിയെ സുരക്ഷിതമായി മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഫയർഫോഴ്സ്. ആലപ്പുഴ സെക്കരിയാ ബസാർ നിവാസികളായ നഫ്സർ ഫാത്തിമ്മാ ദമ്പതികളുടെ മകൾ ഫറ (ഒന്നര വയസ്) യെയാണ് ആലപ്പുഴ അസിസ്റ്റന്‍റ് ഫയർ ഓഫീസർ വിനീതിന്റെ നേതൃത്യത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശു വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് ജീവന്‍ രക്ഷിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കയ്യില്‍ ഏതോ ഇഴജന്തു കടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ബന്ധുക്കള്‍ ഓടിയെത്തിയത്. ഉടന്‍ ഫറയുമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശം നൽകുകയായിരുന്നു.
എന്നാൽ ഇതേസമയം ജനറൽ ആശുപത്രിയിൽ ആംബലന്‍സുകളുടെ സൗകര്യം ലഭ്യമായില്ല. പിന്നീട് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ ഫയർ സ്സ്റ്റേഷനിൽ നിന്ന് പിക്കപ്പ് വാഹനം ജനറൽ ആശുപത്രിയിൽ എത്തി കുട്ടിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറക്കുകയായിരുന്നു. പിന്നീട് ഫറായെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫറാ അപകടനില തരണം ചെയ്ത് വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam