
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിൽ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ ഇർഷാദിൻ്റെ സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇത് ബന്ധുക്കൾക്ക് വിട്ടു നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam