
കാസര്‍കോട്: പ്രമാദമായ കാസർകോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറാണ് ഒന്നാം പ്രതി. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ ഇന്നലെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
പെരിയ ആയമ്പാറ ചെക്കിപള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, മാന്യയിലെ അര്‍ഷാദ് എന്നിവർ പിടിയിലായി.
സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ സുബൈദയുടെ വീട്ടിലെത്തിയത്. കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. നാലാം പ്രതിയായിരുന്ന പട്‌ള കുതിരപ്പാടിയിലെ അബ്ദുല്‍ അസീസിനെ കേസില്‍ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
ചെക്കിപ്പള്ളത്ത് ദർഘാസ് ഭൂമിയിലായിരുന്നു പള്ളിക്കര പാക്കം സ്വദേശിനി സുബൈദ താമസിച്ചിരുന്നത്. 25 വർഷം മുമ്പ് മതം മാറിയാണ് സുബൈദ മുസ്ലീമായത്. പള്ളിക്കരയിലെ മുസ്ലിം കുടുംബങ്ങളിൽ വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. സുബൈദക്ക് സ്വന്തമായി സ്വർണാഭരണങ്ങളും സമ്പാദ്യവുമുണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയതിനാൽ പള്ളിക്കരയിൽ പോയിരിക്കാമെന്ന് കരുതിയാണ് തൊട്ടടുത്ത വീട്ടുകാർ ശ്രദ്ധിക്കാതിരുന്നത്. സുബൈദയുടെ വീടിന്റെ നൂറുമീറ്റർ അകലെ വാടക ക്വാർട്ടേഴ്‌സും ഏറ്റവുമടുത്ത് രണ്ട് വീടുമാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam