
പാലക്കാട്: അട്ടപ്പാടിയിലും , നെല്ലിയാമ്പതിയിലും കാട്ടനകൾ ജനവാസ മേഖലയിലിറങ്ങി. അട്ടപ്പാടിയിലെ തമിഴ്നാട് അതിർത്തിയായ മുള്ളിയിലാണ് കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനക്കൂട്ടം ഏറെ നേരം റോഡിൽ നിലയുറപ്പിച്ചത്. ഇതേ സമയം നെല്ലിയാമ്പതി നൂറടി ജംഗ്ഷനില്‍ ഒറ്റയാനിറങ്ങിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. അട്ടപ്പാടിയിൽ നിന്നും തമിഴ്നാട്ടിലെ മഞ്ചൂരിലേക്ക് പോകുന്ന റോഡിലാണ് കാട്ടാനക്കൂട്ടം ഏറെ നേരം ഗതാഗതം തടസപ്പെടുത്തിയത്.
കൊമ്പനാനയും പിടിയാനകളും കുട്ടിയാനകളും ഉൾപ്പെടുന്ന ആനക്കൂട്ടമാണ് ഗതാഗതം തടസപ്പെടുത്തി റോഡിൽ നിന്നത്. ചെറു വാഹനങ്ങൾ ഹോൺ മുഴക്കിയെങ്കിലും ആനക്കൂട്ടം റോഡിൽ നിന്നും മാറാന്‍ തയ്യാറായില്ല. കോയമ്പത്തൂരിൽ നിന്നും മഞ്ചൂരിലേക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴിമാറാന്‍ തയ്യാറായത്. ഈ കാട്ടനക്കൂട്ടത്തിലെ ഒരു ആനയാണ് കഴിഞ്ഞമാസം വിനോദ സഞ്ചാരികളുടെ കാറിന് നേരെ പാഞ്ഞടുത്തത്. പുലർച്ചെ രണ്ടരയോടെയാണ് നെല്ലിയാമ്പതി നൂറടി ജംഗ്ഷനിൽ ഒറ്റയാനിറങ്ങിയത്. ഏറെ നേരം ജനവാസ മേഖലയിൽ തുടർന്ന ശേഷമാണ് ഒറ്റയാനും കാടുകയറാന്‍ തയ്യാറായത്.
ഇതിനിടെ കോഴിക്കോട് - മൈസൂര്‍ ദേശീയ പാതയായാ ബന്ദിപ്പൂരിന് സമീപം ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടപ്പെട്ടത് പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ മുത്തങ്ങയ്ക്കും മധൂര്‍ ചെക്ക് പോസ്റ്റിനുമിടിയിലെ വനമേഖലയിലായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ കാട്ടാനക്കൂട്ടം റോഡില്‍ തന്നെ നിലയുറപ്പിച്ചത് ഏറെ നേരം ആശങ്കപരത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് മണിവരെ ഈ പ്രദേശത്ത് രാത്രിയാത്രാ നിരോധനം ഉള്ളപ്രദേശമാണ്. ഇന്ന് രാവിലെയും ആനയുടെ ജഡം മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം റോഡില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഈ വഴിയുള്ള ഗതാഗതം നിലയ്ക്കുയും ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ആനക്കൂട്ടം പ്രദേശത്ത് നിന്നും മാറാന്‍ തയ്യാറായത്. ഇതോടെയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ആനയുടെ ജഡം സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതോടൊപ്പം അപകടത്തെ സംബന്ധിച്ച് വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
കൂടുതല്‍ വായനയ്ക്ക്: 13 വര്‍ഷം; വന്യജീവി അക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 1,423 പേര്‍