
ഇടുക്കി: ജന്മനാട്ടിൽ ആദ്യ നിയമനം കിട്ടിയതിൻറെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യത്തെ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. ഇതിനടുത്തുള്ള ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യക്ക് ജോലി കിട്ടിയത്. ഇടുക്കി വന്യജീവി സങ്കേതത്തിൽപെട്ട കണ്ണംപടി വനമേഖലയിലെ പുന്നപാറ ഉന്നതിയിൽ കണ്ടത്തിൻകര കെ.എൻ. മോഹനൻറെയും മിനിമോളുടെയും ഏകമകളാണ് ശരണ്യ. ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജനായാണ് ശരണ്യ ജോലിയിൽ പ്രവേശിച്ചത്. അഞ്ചാം ക്ലാസ് വരെ സ്വരാജ് സയൺ പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. പ്ലസ്സു വരെ കുളമാവ് നവോദയ വിദ്യാലയത്തിൽ. പ്ലസ്തുവിന് 88 ശതമാനം മാർക്കു വാങ്ങി ജയിച്ചു. ചെറുപ്പം മുതൽ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. 2019 ൽ ആദിവാസി വിഭാഗത്തിലെ 23ാം റാങ്ക് നേടിയാണ് ശരണ്യ എംബിബിഎസിന് പ്രവേശനം നേടിയത്. ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പാസ്സായി. പി എസ‌് സി റാങ്ക് ലി സ്‌റ്റിൽ ഇടം പിടിച്ച ശരണ്യയ്ക്ക് ഒടുവിൽ ജന്മനാട്ടിലെ സർക്കാർ ആശുപത്രിയിൽ തന്നെ നിയമനം ലഭിച്ചു.
കണ്ണംപടി മേഖലയിലെ പതിനൊന്ന് ആദിവാസി ഉന്നതികളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ശരണ്യയുടെ നേട്ടത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ സന്തോഷം. ജന്മനാട്ടിൽ ആദ്യ നിയമനം കിട്ടിയതോടെ ആഭിനന്ദന പ്രവാഹമാണ് ശരണ്യക്കിപ്പോൾ. പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇനി ഇടുക്കിയിലെത്തുമ്പോൾ ശരണ്യയെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam