കെഎസ്ആർടിസിക്ക് ഒരു ബസ് 'ജോസേട്ടന്റെ വക', 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി, ​ഗതാ​ഗത മന്ത്രിക്ക് കൈമാറി

Published : Sep 23, 2026, 04:34 PM IST
KSRTC sponsor bus

Synopsis

ഈ ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളിയെ ബന്ധിപ്പിച്ച് സർവീസ് നടത്തണമെന്നാണ് ജോസിന്റെ പ്രധാന ആവശ്യം. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ആളുകളും സ്ഥാപനങ്ങളും ഈ മികച്ച മാതൃക പിന്തുടരുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. ഇന്ന് മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ​ഗതാ​ഗത മന്ത്രി സി.പി ജോണിന് കൈമാറിയത്. ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രം​ഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നൽകാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെയാണ്. ചൊവ്വാഴ്ച ​ഗതാ​ഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോൾ റോജി എം ജോൺ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു.

താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ​ഗതാ​ഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേആവശ്യം റോജി എം ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ​ഗതാ​ഗത മന്ത്രി ഉറപ്പുനൽകി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജോസ് നൽകിയ ചെക്ക് ​ഗതാ​ഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു. സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ​ഗതാ​ഗത മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം പരസ്പരം പോരടിച്ചു, പിന്നെ രണ്ട് കാറുകള്‍ തകര്‍ത്ത് കാട്ടുപോത്തുകൾ, ബൈക്ക് കൊമ്പില്‍ കോര്‍ത്തെറിഞ്ഞു
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി