ആദ്യം പരസ്പരം പോരടിച്ചു, പിന്നെ രണ്ട് കാറുകള്‍ തകര്‍ത്ത് കാട്ടുപോത്തുകൾ, ബൈക്ക് കൊമ്പില്‍ കോര്‍ത്തെറിഞ്ഞു

Published : Sep 23, 2026, 04:20 PM IST
Gudalur Wild Buffalo Attack

Synopsis

തമിഴ്നാട് ഗൂഢല്ലൂരിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ജനജീവിതത്തെ ബാധിക്കുന്നു. കഴിഞ്ഞ ദിവസം ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകൾ വാഹനങ്ങൾ ആക്രമിച്ചു. കോത്തഗിരിക്ക് അടുത്ത എസ് കൈകാട്ടിയിലാണ് സംഭവം.

സുല്‍ത്താന്‍ ബത്തേരി: തമിഴ്‌നാട് ഗൂഢല്ലൂരിലും പരിസര പ്രദേശങ്ങളിലും കാടിറങ്ങിയെത്തുന്ന കാട്ടുപോത്തുകള്‍ ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകള്‍ വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തതാണ് ഏറ്റവും ഒടുവിലുണ്ടായിരിക്കുന്ന സംഭവം.

കോത്തഗിരിക്ക് അടുത്ത എസ് കൈകാട്ടിയിലാണ് ഇന്നലെ രാവിലെ മൂന്ന് കാട്ടുപോത്തുകള്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കുമാണ് തകര്‍ത്തത്. മൈതാനത്ത് പുല്ലുതിന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ആദ്യം പോത്തുകള്‍ പരസ്പരം കൊമ്പു കോര്‍ക്കുകയായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് വാഹനങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

വാഹനങ്ങള്‍ കുത്തിത്തകര്‍ത്തു കൊണ്ടിരിക്കുന്നത് കണ്ട പ്രദേശവാസികള്‍ ബഹളമുണ്ടാക്കിയെങ്കിലും പോത്തുകള്‍ പിന്തിരിയാനുള്ള ഭാവമില്ലായിരുന്നു. ഒരു കാറിന്റെ പിന്‍ഗ്ലസ് പൂര്‍ണമായി നശിപ്പിച്ചു. ഇതിന് പുറമെ രണ്ടു വാഹനങ്ങളുടെയും ബോഡിക്കും കാര്യമായ നാശനഷ്ടം വരുത്തിയിട്ടുണ്ട്. കാറുകള്‍ ആക്രമിച്ചതിന് ശേഷമാണ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനടുത്തേക്ക് ഒരു പോത്ത് എത്തിയത്. കൊമ്പില്‍ കോര്‍ത്ത ഇരുചക്രവാഹനം ചുഴറ്റി എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണം നിര്‍ത്താതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റുമെത്തി പോത്തുകളെ സമീപത്തെ തേയിലത്തോട്ടത്തിലൂടെ വനത്തിലേക്ക് തുരത്തി. ആഴ്ചകളായി കാട്ടുപോത്തുകള്‍ ജനവാസമേഖലകളിലുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി
അഴയിൽ കിടന്ന ഷർട്ടിനുള്ളിൽ പാമ്പ്, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്; സംഭവം കൊട്ടാരക്കരയിൽ