
മലപ്പുറം: പാതായ്ക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പറമ്പില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മലപ്പുറം ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
വനംവകുപ്പിന്റെ സര്‍പ്പ റെസ്‌ക്യൂ സംഘത്തിന്റെ സഹായത്തോടെയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പരിക്കേറ്റ നിലയിലായിരുന്ന പാമ്പിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം ആവശ്യമായ ചികിത്സ നല്‍കി.
പാമ്പിന്റെ ശരീരത്തിലുണ്ടായ പരിക്കുകള്‍ പരിശോധിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ചികിത്സ പൂര്‍ത്തിയായ ശേഷം വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറും.പെരുമ്പാമ്പിന് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങാന്‍ കഴിയുന്ന തരത്തില്‍ ആരോഗ്യനില വീണ്ടെടുത്താല്‍ വനമേഖലയില്‍ തുറന്നുവിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാതായ്ക്കരയില്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള സ്ഥലത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍പ്പ റെസ്‌ക്യൂ സംഘത്തിലെ ജബ്ബാര്‍ ജൂബിലി, ഫാറൂഖ് പൂപ്പലം, നിസാം മാനത്തുമംഗലം, യദു പാതായ്ക്കര എന്നിവര്‍ പങ്കെടുത്തു. പരിക്കേറ്റതോ അപകടാവസ്ഥയിലുള്ളതോ ആയ വന്യജീവികളെ കണ്ടെത്തുമ്പോള്‍ നേരിട്ട് പിടികൂടാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam