
കൊച്ചി: കുമ്പളങ്ങി കല്ലഞ്ചേരി പഞ്ചായത്ത് മത്സ്യ കൃഷിക്കായി കരാർ നൽകിയ എട്ട് ഏക്കറോളമുളള ജലാശയത്തിൽ (മത്സ്യ കുളം) മത്സ്യക്കുരുതി. കുളത്തിൽ വളർത്തിയിരുന്ന കാളാഞ്ചി, കുറ്റിപ്പൂമീൻ, കണമ്പ്, ഞണ്ട് തുടങ്ങിയ മത്സ്യങ്ങൾ ചത്ത് പൊങ്ങി.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായതായാണ് കരാറുകാർ കണക്കാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരിയും പഞ്ചായത്ത് അംഗം ഗോപി കാരക്കോടും സ്ഥലത്തെത്തി. ഇവർ അറിയിച്ചതനുസരിച്ച് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും എത്തി. മത്സ്യങ്ങൾക്ക് രോഗമൊന്നും ബാധിച്ചിട്ടില്ലെന്ന് പരിശോധന നടത്തിയ ശേഷം കുഫോസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തൊട്ടടുത്ത ജലാശയങ്ങളിലൊന്നും മത്സ്യങ്ങൾക്ക് കുഴപ്പമുണ്ടായിട്ടില്ലാത്തതിനാൽ ഈ കുളത്തിൽ ഏതെങ്കിലും തരത്തിൽ വിഷം കലർന്നതാകാമെന്നാണ് നിഗമനം.
സാമൂഹിക വിരുദ്ധർ വിഷം കലർത്തിയതായി സംശയിക്കുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്തിൽ നിന്നും കരാർ ലഭിച്ച ശേഷം ജലാശയം ഒരുക്കിയെടുക്കുന്നതിനായി മാത്രം വലിയ ചെലവ് വന്നതായി കരാറുകാർ പറഞ്ഞു. പൂമീനും ഞണ്ടും കാളാഞ്ചിയുമൊക്കെ വളർച്ച എത്തിയ ഘട്ടത്തിലാണ് സംഭവം. ഇതിൽ അന്വേഷണം നടത്തി, സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും വിഷം കലർത്തിയതാണെങ്കിൽ അവർക്കെതിരേ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam