വിഴിഞ്ഞം തുറമുഖത്ത് ക്രൂചെയ്ഞ്ചിംഗില്‍ ഇടങ്കോല്‍ ഇട്ട് ഫിഷറീസ് വകുപ്പ്

By Web TeamFirst Published Jul 28, 2020, 9:37 AM IST
Highlights

ബോട്ടിന്റെ സേവനം ആവശ്യപ്പെട്ട് ഫിഷറീസ് ഉന്നതരെ ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഒടുവില്‍ തുറമുഖ വകുപ്പ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതോടെയാണ് ബോട്ട് വിട്ട് നല്‍കിയത്.
 


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രൂചെയ്ഞ്ചിംഗില്‍ ഫിഷറീസ് വകുപ്പ് ഇടങ്കോല്‍ ഇട്ടതോടെ മണിക്കൂറുകളോളമാണ് കപ്പലും ജീവനക്കാരും കുടുങ്ങികിടന്നത്. രാസവസ്തുക്കളുമായി കൊളംബോയിലേക്കുള്ള യാത്രാമധ്യെ ജീവനക്കാരെ ഇറക്കാന്‍ വിഴിഞ്ഞത്തെത്തിയ  ജിഗാ ജാഗ്വാര്‍ എന്ന  കൂറ്റന്‍ ചരക്ക് കപ്പലിന്റെ ക്രൂ ചെയ്ഞ്ചിംഗ് ആണ് ചിലരുടെ ദുര്‍ വാശികാരണം  മണിക്കുറുകള്‍ തടസപെട്ടത്. 


കഴിഞ്ഞയാഴ്ച എത്തിയ കപ്പലിന് ക്രൂചെയ്ഞ്ചിംഗിനായി ഫിഷറീസ് വകുപ്പിന് കീഴിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടിന്റെ സേവനമാണ് ഉപയോഗിച്ചിരുന്നത്. ഇന്നലെ സംഗതി മാറി. രാവിലെ ക്രൂചെയ്ഞ്ചിംഗിനായി ചരക്ക് കപ്പലെത്തിയിട്ടും മറൈന്‍ എന്‍ഫോഴ്‌സ് മെന്റ് ബോട്ട് വിട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. നേരത്തെ ക്രൂചെയ്ഞ്ചിംഗിന് ബോട്ട് വിട്ട് നല്‍കിയതിന്  വാടക ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഫിഷറീസ് വകുപ്പധികൃതര്‍ തടസമുന്നയിച്ചത്.

ഒരു മുന്നറിയിപ്പുമില്ലാതെ, ചരക്ക് കപ്പല്‍ നങ്കൂരടമിടുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കസ്റ്റംസ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും  കപ്പലിലേക്ക് കയറാനായി  പി.പി.ഇ കിറ്റുകളണിഞ്ഞ ജീവനക്കാരും എത്തിയശേഷം  ബോട്ട് വിട്ട് നല്‍കാനാവില്ലെന്ന് നിലപാടെടുത്തത് പോര്‍ട്ടധികൃതരെ വലച്ചു.

ബോട്ടിന്റെ സേവനം ആവശ്യപ്പെട്ട് ഫിഷറീസ് ഉന്നതരെ ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഒടുവില്‍ തുറമുഖ വകുപ്പ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതോടെയാണ് ബോട്ട് വിട്ട് നല്‍കിയത്. ഇത് കാരണം ഇന്നലെ രാവിലെ പത്ത് മണിയോടെയെത്തിയ ചരക്ക് കപ്പലിന് വൈകിട്ട് നാല് മണിയോടെയാണ് മടങ്ങാനായത്. ഇന്ന് എംടിടിആര്‍ മേഫിസ് എന്ന ചരക്ക് കപ്പലും 30,31,1 തീയതികളിലും മറ്റ് മൂന്ന് കപ്പലുകള്‍ കൂടി ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്തെത്തും.

ക്രൂ ചെയ്ഞ്ചിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാനായി ഫിഷറീസിന്റെ ബോട്ടിന് പകരം ഷിപ്പിംഗ് ഏജന്‍സി വാടകയ്‌ക്കെടുത്ത രണ്ടു ബോട്ടുകള്‍ കൂടി ഇന്ന് വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ വകുപ്പ്അധികൃതര്‍ അറിയിച്ചു.

click me!