
കോഴിക്കോട്: ആഴക്കടലിൽ അകപ്പെട്ട് ഏത് സമയവും മുങ്ങി താഴാവുന്ന അവസ്ഥയിലായ പോത്തിനെ രക്ഷിച്ച് കരക്കെത്തിച്ച് മത്സ്യതൊഴിലാളികൾ. ഇന്ന് പുലർച്ചെ 2 മണിക്കാണ് നൈനാംവളപ്പ് തീരത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ പുറംകടലിലേക്ക് നീന്തുന്ന അവസ്ഥയിൽ പോത്തിനെ മത്സ്യതൊഴിലാളികൾ കാണുന്നത്.
കോതി അഴീമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട അറഫ, സാല റിസ എന്നീ രണ്ട് ഫൈബർ വള്ളത്തിലെ തൊഴിലാളികളായ എ.ടി. റാഷി, എ.ടി. ഫിറോസ്, എ.ടി. സക്കീർ, എ.ടി.ദിൽഷാദ് എന്നിവരാണ് അവശനിലയിലായ പോത്തിനെ കടലിൽ കാണുന്നത്. പോത്ത് കടലിൽ മുങ്ങാതിരിക്കാൻ രണ്ട് കന്നാസുകൾ പോത്തിന്റെ ശരീരത്തിൽ കെട്ടി രണ്ട് വള്ളങ്ങൾക്കും ഇടയിലാക്കി പതുക്കെ നീന്തിച്ചാണ് ഇവർ കരയ്ക്ക് എത്തിച്ചത്.
പോത്തിനെയും കൊണ്ട് കോതി അഴിമുഖത്ത് എത്തുമ്പോൾ ഇന്ന് രാവിലെ 8 മണിയായി. മണിക്കൂറുകൾ നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനം കൊണ്ടാണ് പോത്തിനെ മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. പോത്ത് എങ്ങനെ കടലിലെത്തിയെത്തിയെന്ന് വ്യക്തമല്ല.
പോത്തിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam