
ഇടുക്കി: മദ്യം ശേഖരിച്ചു വച്ച് ഡ്രൈഡേകളില്‍ വില്‍പ്പന നടത്തുന്ന വെള്ളത്തൂവല്‍ സ്വദേശി കമ്പിപുരയിടത്തില്‍ ജോസ് (50) എന്നയാളെ അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 24 ലിറ്റര്‍ മദ്യവും കണ്ടെടുത്തു.
വെള്ളത്തൂവല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മത്സ്യവും മാംസവും വില്‍പ്പന നടത്തുന്ന കോള്‍ഡ് സ്റ്റോറേജിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ പി റോയിച്ചന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ് ,ഹാരിഷ് മൈദീന്‍, ക്ലമന്റ് വൈ, രഞ്ജിത്ത് കവിദാസ്, ശരത് എസ് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.
Read more: ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറൽ സെക്രട്ടറി ശങ്കര വിജേന്ദ്രപുരിയുടെ താമസ സ്ഥലത്ത് പെട്രോൾ ബോംബേറ്
അതേസമയം, വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. കൊണ്ടോട്ടി സ്വദേശി അബഷർ, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. ബൈക്കിൽ കടത്താൻ ശ്രമിച്ച 3.6 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.
കൊച്ചി മട്ടാഞ്ചേരിയിലും ഇന്ന് വൻ ലഹരി മരുന്ന് വേട്ട നടന്നു. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം (493gm ) MDMA യുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു.
എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി നിസാം എന്നിവരിൽ നിന്നാണ് 183 മില്ലി ഗ്രാം എം ഡി എം എ പിടികൂടിയത്. ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam