
ഇടുക്കി: കൊച്ചിയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) നെയാണ് ഹിൽപാലസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 15 നാണ് കേസിനാസ്പദമായ സംഭവം.
തൃപ്പൂണിത്തറ റെയിൽവേ മേൽപാലത്തിനു സമീപത്താണ് ഇടുക്കി പൂപ്പാറ സ്വദേശിനിയെ ട്രെയിൻ ഇടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃപ്പൂണിത്തറ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം രാത്രി 12.30 ഓടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തില്‍ യുവതിയുടെ കാമുകനായ വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
കാക്കനാട് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവന്നിരുന്ന യുവതി വിഷ്ണുവുമായി കുറച്ച് നാളായി പ്രണയത്തിലായിരുന്നു. ഇയാള്‍ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവ ദിവസം രാത്രിയും യുവതിയെ വിഷ്ണു ഉപദ്രവിച്ചിരുന്നു. രാത്രി 10.30 ഓടെ ചാത്താരിയിലുള്ള അപ്പാർട്ടുമെന്റിൽ വെച്ച് യുവതിക്ക് മദ്യം നൽകിയ ശേഷം ക്രൂരമായി മർദ്ദിച്ചു. അതിനെതുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്നും പൊലീസ് പറഞ്ഞു.
മദ്യപിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്രമം നടത്തിയതിന് പ്രതിക്കെതിരേ നിലവിൽ കളമശ്ശേരി സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര അസി. പൊലീസ് കമ്മീഷണർ പി.വി.ബേബിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ വി.ഗോപകുമാർ, എസ്.ഐമാരായ എം.പ്രദീപ്, കെ.എസ്.രാജൻ പിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ ശ്യാം.ആർ മേനോൻ, സി.പി.ഒ ലിജിൻ എന്നിവരും ഉണ്ടായിരുന്നു.
Read More : ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം: പ്രതി മുത്തുകുമാർ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam