
തിരുവനന്തപുരം: വെള്ളറട റിസോർട്ട് നടത്തിപ്പുകാരൻ ആര്യനാട് ശ്യാമിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ വെള്ളറട പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. വർഷങ്ങൾക്കുമുമ്പുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ തട്ടിക്കൊണ്ട് പോയ സംഘത്തിന് വെള്ളറടയും പരിസരങ്ങളും അറിയാതിരുന്നതിനാൽ വാഹനം വഴി തെറ്റിയോടിയതോടെ പൊലീസിന് ജോലി എളുപ്പമായി.
കർണാടക സ്വദേശിയായ ജഫീർ ഖാന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. പ്രതികളായ ഷാജഹാൻ (46), ജഫീർ ഖാൻ (40), നൂറുള്ള (40), ഷെബീർ (42), നൂറുദ്ദീൻ (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂട്ടപ്പൂവിന് സമീപം ശ്യാം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി തകർത്തശേഷം ഓഡി കാറിൽ ബലമായി കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.സംഘർഷത്തിനിടെ ശ്യാം നടത്തിയ കത്തി പ്രയോഗത്തിൽ നൂറുദ്ദീന്‍റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്. ഥാറിലെത്തിയ ശ്യാമിനെ ഓഡി കാറിൽ തട്ടിക്കൊണ്ട് പോയത് പ്രദേശവാസികൾ പൊലീസിൽ അറിയിച്ചിരുന്നു.
വെള്ളറട പൊലീസ് പരിശോധന നടത്തുന്നതിനിടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികൾ ദിശമാറി ചെമ്പൂർ ഭാഗത്തേക്ക് തിരിഞ്ഞത് അന്വേഷണത്തിന് സഹായകമായി. ആര്യങ്കോട് പൊലീസിന്‍റെ സഹകരണത്തോടെ പിന്തുടർന്ന വെള്ളറട പൊലീസ് ചെമ്പൂരിന് സമീപം രണ്ടുപേരെ പിടികൂടി. രക്ഷപ്പെട്ട മൂന്നുപേരെയും രാത്രിയോടെ പിടികൂടുകയായിരുന്നു.പ്രതികൾ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam