പടിഞ്ഞാറത്തറ ബീവറേജ് പരിസരത്ത് നിന്ന് ആളുകളെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ വയനാട് പോലീസ് പിടികൂടി. മുഹമ്മദ് ബഷീർ, സൈദുള്ള എന്നിവരെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബീവറേജ് പരിസരങ്ങളില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ മന്ദംകണ്ടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (45), പീച്ചങ്കോട് കാളിയാര്‍ വീട്ടില്‍ സൈദുള്ള ( 36), എന്നിവരെയാണ് കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്.
ഇവര്‍ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയില്‍ ആസൂത്രിത കവര്‍ച്ച നടത്തി ഭീതി പടര്‍ത്തി കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവര്‍ക്കെതിരെ പനമരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എന്‍.ഡി.പി.എസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കല്‍പ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ട് കേസുകള്‍ നിലവിലുണ്ട്. കല്‍പ്പറ്റ സ്റ്റേഷനിലും സൈദുള്ളക്ക് കേസുണ്ട്.


