ബാറില്‍ വച്ച് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: അഞ്ച് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ

By Web TeamFirst Published Dec 9, 2018, 11:09 PM IST
Highlights

വിജു ആണ് റിബാഷിനെ മര്‍ദ്ദിക്കുകയും പിടിച്ച് തള്ളുകയും ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും മറ്റു നാല് പേര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന്  കേസെടുത്തതെന്നും സിഐ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ താമരശേരി കോടതിയില്‍  ഹാജരാക്കി റിമാന്‍റ് ചെയ്തു. 

കോഴിക്കോട്: ചുങ്കം ഹസ്തിനപുരി ബാറില്‍ വച്ച് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ചുങ്കം ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ താമരശേരി വെഴുപ്പൂര്‍ അമ്പലക്കുന്നുമ്മല്‍ വിജു( 38), അമ്പലക്കുന്നുമ്മല്‍ അനശ്വരയില്‍ എ കെ രാജന്‍ ( 50), നരിക്കുനി ഒറ്റപ്പിലാക്കിപ്പൊയില്‍  ഹരിദാസന്‍ ( 58), ചമല്‍ മാട്ടാപൊയില്‍ അനില്‍കുമാര്‍ (40), ചമല്‍ പുത്തേടത്ത് അഭിലാഷ് (37) എന്നിവരെയാണ് താമരശേരി സിഐ ടി എ അഗസ്റ്റിനും സംഘവും അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ ചമല്‍ പൂവന്മലയില്‍ വിജയന്‍റെ മകന്‍ റിബാഷ് (40) ആണ് കഴിഞ്ഞ ദിവസം മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.  

വിജു ആണ് റിബാഷിനെ മര്‍ദ്ദിക്കുകയും പിടിച്ച് തള്ളുകയും ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും മറ്റു നാല് പേര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന്  കേസെടുത്തതെന്നും സിഐ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ താമരശേരി കോടതിയില്‍  ഹാജരാക്കി റിമാന്‍റ് ചെയ്തു. 

ശനിയാഴ്ച രാവിലെ ആറ് മണിയോടെ ചുങ്കത്തെ കടവരാന്തയില്‍ നാട്ടുകാരാണ് റിബാഷിനെ ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടെത്തിയത്. റിബാഷിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ബാറില്‍ മദ്യപിക്കാനെത്തിയ റിബാഷും സെക്യൂരിറ്റി ജീവനക്കാരും  തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇവർ പിടിച്ചു തള്ളിയപ്പോൾ  തറയില്‍ വീണ റിബാഷിന് തലക്ക് ഗുരുതര ക്ഷതമേറ്റതാണ് മരണകാരണമായത്. അബോധാവസ്ഥയിലായ റിബാഷിനെ ആശുപത്രിയിലെത്തിക്കാതെ ബാർ ജീവനക്കാർ കോംബൗണ്ടിന് പുറത്ത് വരാന്തയിലേക്ക് മാറ്റി കിടത്തുകയായിരുന്നു.  

click me!