
ആലപ്പുഴ: ചെങ്ങന്നൂർ ഇപ്പോഴും ദുരന്തമുഖത്തിലാണ്. പ്രളയത്തിൽ മുങ്ങിയ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്, എന്നാൽ ചെങ്ങന്നൂരിന്റെ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. പാണ്ടനാട്, ബുധനൂർ തിരുവൻവണ്ടൂർ മേഖലകളിൽ രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്നും പരാതിയുണ്ട്. നാല് ഹെലികോപ്റ്ററുകൾ, 65 ഫൈബർ വള്ളങ്ങൾ എന്നിവയാണ് ഇന്ന് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ രക്ഷാപ്രവർത്തകർക്ക് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ ആയിരക്കണക്കിന് പേരുണ്ട്.
പാണ്ടനാട്, ബുധനൂർ തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിൽ രക്ഷാവർത്തനങ്ങൾ നടത്തുന്നത് നാട്ടുകാരും മത്സ്യത്തൊഴിലാളാകളുമാണ്. പാണ്ടനാടിന്റെ ചില ഭാഗങ്ങളിൽ മാത്രം നാവിക സേനയ്ക്ക് എത്തിപ്പെടാൻ കഴിഞ്ഞു. ഇവിടെ നിന്ന് 200 ലധികം പേരെ രക്ഷപെടുത്തി. പാണ്ടനാട് നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കരയ്ക്കെത്തിച്ചത്. ബാക്കിയുള്ളവ പലയിടത്തായി കെട്ടിയിട്ടിരിക്കുകയാണ്.
പമ്പയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുന്നതിനാൽ ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു. വെൺമണി, ആല, ചെറിയനാട് പ്രദേശങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോലും തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പാണ്ടനാട്, ബുധനൂർ പഞ്ചായത്തുകളുടെ ചില മേഖലകളിൽ മാത്രം സൈനിക സഹായം എത്തിയിട്ടുണ്ട്. നാട്ടുകാരും മത്സ്യ പ്രവർത്തകരും പലയിടത്തും ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam