പട്ടിണിക്കും പ്രളയത്തിനുമിടയില്‍ ദിവസങ്ങളായി ഈ ആദിവാസികള്‍

By Web TeamFirst Published Aug 17, 2018, 11:38 AM IST
Highlights

ഒരിക്കല്‍ പോലും വീടെന്നു പറയാന്‍ പറ്റാത്ത കുഞ്ഞുകൂടാരങ്ങള്‍. വല്ലപ്പോഴും ഉണ്ടാകുന്ന കൂലിവേലയില്‍ നിന്നും മിച്ചം പിടിച്ചും മറ്റും മഴവെള്ളം ഉള്ളിലെത്തുന്നത് പ്രതിരോധിക്കാന്‍ വാങ്ങിയിട്ട ഏതാനും ടാര്‍പോളിന്‍ ഷീറ്റുകള്‍ മാത്രമാണ് കൂരകള്‍ക്ക് മേല്‍ ബാക്കിയുള്ളത്. ഇപ്പോള്‍ അവരാരും ഇവിടില്ല. പ്രളയം വിഴുങ്ങിയപ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുള്ള മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയിരിക്കുന്നു. 

കല്‍പ്പറ്റ: ഒരിക്കല്‍ പോലും വീടെന്നു പറയാന്‍ പറ്റാത്ത കുഞ്ഞുകൂടാരങ്ങള്‍. വല്ലപ്പോഴും ഉണ്ടാകുന്ന കൂലിവേലയില്‍ നിന്നും മിച്ചം പിടിച്ചും മറ്റും മഴവെള്ളം ഉള്ളിലെത്തുന്നത് പ്രതിരോധിക്കാന്‍ വാങ്ങിയിട്ട ഏതാനും ടാര്‍പോളിന്‍ ഷീറ്റുകള്‍ മാത്രമാണ് കൂരകള്‍ക്ക് മേല്‍ ബാക്കിയുള്ളത്. കഷ്ടി 20 സെന്റ് സ്ഥലത്ത് ഇത്തരത്തിലുള്ള പത്ത് കൂരകള്‍. ഇതിലാകെ 16 കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവരാരും ഇവിടില്ല. പ്രളയം വിഴുങ്ങിയപ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുള്ള മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയിരിക്കുന്നു. 

തുരുത്തിന് സമാനമാണിപ്പോള്‍ കോട്ടത്തറ പഞ്ചായത്തിലുള്‍പ്പെട്ട പുഴക്കംവയലിലെ വൈശ്യന്‍ പണിയ  കോളനി. കോളനിയെ ചുറ്റി കരകവിഞ്ഞൊഴുകുകയാണ് വെണ്ണിയോട് ചെറുപുഴ. സമീപത്ത് ഇഷ്ടിക നിര്‍മാണത്തിന് മണ്ണെടുത്ത കുഴി വെള്ളം നിറഞ്ഞ് കുളമായി മാറിയിരിക്കുന്നു. വയനാട്ടിലെ പ്രളയദുരിതത്തിന് നേര്‍സാക്ഷ്യമായി മാറുകയാണ് വൈശ്യന്‍ കോളനി. വെള്ളംപൊക്കം എല്ലാ അര്‍ത്ഥത്തിലും 'വീടുകളെ' ബാധിച്ചിരിക്കുന്നു. 

മഴക്കെടുതികളില്‍ വയനാട്ടിലെ കോളനികള്‍ അനുഭവിക്കുന്ന ദൈന്യം സാക്ഷ്യപ്പെടുത്താന്‍ വൈശ്യന്‍ കോളനി മാത്രമം മതിയാകും. ഒരു മാസത്തോളമായി കോളനി നിവാസികള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. കുടുംബങ്ങളെല്ലാം ഇപ്പോള്‍ താമസിക്കുന്നത് കരിഞ്ഞകുന്നിലുള്ള കോട്ടത്തറ ഗവ.എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ജൂണില്‍ കാലവര്‍ഷം എത്തിയത് മുതല്‍ കോളനിയില്‍ ദുരിതമാണ്. ജോലിയില്ലാതെ അര്‍ധ പട്ടിണിയുമായി ഇവിടുത്തെ ആണുങ്ങള്‍ പകല്‍ തള്ളിനീക്കും. 

വല്ലപ്പോഴും സര്‍ക്കാര്‍ പദ്ധതികളില്‍ ലഭിക്കുന്ന അരിയും മറ്റു അവശ്യവസ്തുക്കളും ദിവസങ്ങള്‍ക്കുള്ളില്‍ തീരും. പിന്നെയും പട്ടിണിയുടെ നാളുകള്‍. മഴ നില്‍ക്കാതെ പെയ്തപ്പോഴെല്ലാം ജോലിയില്ലാ നാളുകളായിരുന്നു ഇവര്‍ക്ക്. അതിനൊപ്പം പ്രളയം വീടുകളെ കുടി ബാധിച്ചതോടെ ക്യാമ്പുകളില്‍ നിന്ന് ഇനി മക്കളെയും പ്രായമായവരെയും കൊണ്ട് എവിടേക്ക് പോകുമെന്ന അങ്കലാപ്പിലാണ് ഓരോ കുടുംബനാഥന്മാരും. കൂരകളെല്ലാം ചെളിയില്‍ പുതഞ്ഞ് കിടക്കുകയാണ്. പായയും കിടക്കുകയും പാത്രങ്ങളുമെല്ലാം ചെളിക്കുണ്ടിലാണ്. പലതും ഒഴുകിപോയി. പലരുടെയും ആധാര്‍, റേഷന്‍കാര്‍ഡുകള്‍ അടക്കമുള്ള രേഖകള്‍ നഷ്ടമായി. 

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളുടെ അവസ്ഥ നോക്കാന്‍ എത്തിയവര്‍ വീട്ടിലേക്ക് കയറാനാകാതെ പകച്ചു നില്‍ക്കുന്ന കാഴ്ച കണ്ടു. കിണറുകള്‍ ചെളിവെള്ളം നിറഞ്ഞ് കിടക്കുന്നു. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ നിരന്തരം ഉയര്‍ത്തിയത് കാരണം കോളനിയോട് ചേര്‍ന്നുള്ള പുഴ വീണ്ടും നിറഞ്ഞു  കൊണ്ടേയിരിക്കുകയാണ്. അതേ സമയം സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങള്‍ക്ക് സ്ഥിരം പുനരധിവാസം നല്‍കണമെന്ന കുടുംബങ്ങളുടെ ആവശ്യം ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. പുതിയ സ്ഥലം കണ്ടെത്തി കുടുംബങ്ങളെ മാറ്റാനുള്ള ഉറപ്പ് ലഭിച്ചത് കൊണ്ടാണ് വീടുകള്‍ അനുവദിക്കാത്തതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എങ്കിലും ഇനിയും ഇവിടെ തുടരുന്നിടത്തോളം കാലം കൂടുതല്‍ ദുരിതമയമാകും വൈശ്യന്‍ കോളനി നിവാസികളുടെ ജീവിതം.

click me!