
പാലക്കാട്: പാലക്കാട് നഗരത്തിലുള്‍പ്പെടെ പലയിടത്തും വെള്ളം കയറി. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ഡിങ്കി സര്‍വ്വീസുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. മഴ ശക്തമായതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
അട്ടപ്പാടി, മണ്ണാര്‍ക്കാട് പ്രദേശങ്ങളിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. മുണ്ടൂരും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളായ ശേഖരിപുരം, പുത്തൂര്‍, ശംഖവാരത്തോട് എന്നീ പ്രദേശങ്ങളില്‍ രാത്രിയോടെയാണ് വെള്ളം കയറിയത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. 900 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.
രാവിലെ മണ്ണാര്‍ക്കാടിനടുത്ത് കരിമ്പയില്‍ മൂന്നേക്കറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നും നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
പട്ടാമ്പിയിൽ ഭാരതപ്പുഴ കരകവിഞ്ഞു ഒഴുകി തുടങ്ങി. ഇന്ന് രാവിലെ നാലോടെയാണ് പുഴയിൽ നീരൊഴുക്ക് ശക്തമായത്. തൃത്താല-പട്ടാമ്പി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളം കയറിയതോടെ പട്ടാന്പി പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam