
പട്ടാമ്പി: പട്ടാമ്പിയിൽ ഭാരതപ്പുഴ കരകവിഞ്ഞു ഒഴുകി തുടങ്ങി. ഇന്ന് രാവിലെ നാലോടെയാണ് പുഴയിൽ നീരൊഴുക്ക് ശക്തമായത്. തൃത്താല-പട്ടാമ്പി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളം കയറിയതോടെ പട്ടാന്പി പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശവും നല്‍കിയിട്ടുണ്ട്. ഗായത്രിപ്പുഴ, തൂതപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്കും ജാഗ്രതാനിർദേശമുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് പേരാണ് മരിച്ചത്. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു.
മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മാഫുൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
ഇതിനിടെ, വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തി. കൂടുതൽ ആളുകൾ മണ്ണിനടിയിലുണ്ടെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലൻപാറ സ്വദേശി ജോയി ആണ് മരിച്ചത്.
ചിത്രത്തിന് കടപ്പാട്: രജീഫ് പട്ടാമ്പി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam