
കോഴിക്കോട്: താമരശ്ശേരി പൂനൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഓവു ചാലിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മലിന ജലം ഒഴുക്കുന്നതായി പരാതി. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ഓവു ചാലിലേക്ക് മലിനജലം ഒഴുക്കുകയാണെന്നും ഇത് മടത്തുംപൊയില്‍ റോഡ് ജങ്ഷന്‍ ഭാഗത്ത് കെട്ടിനിന്ന് അങ്ങാടിയിലാകെ ദുര്‍ഗന്ധമുണ്ടാകുന്നുവെന്നും പൂനൂര്‍ പുഴയിലെയും പരിസരങ്ങളിലെയും ജല മലിനീകരണത്തിന് കാരണമാകുന്നു എന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം.
പരാതിയെ തുടർന്ന് ഉണ്ണികുളം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ബാലുശ്ശേരി പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ഓവു ചാലിന്റെ സ്ലാബുകള്‍ മാറ്റി പരിശോധിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. ആവശ്യമെങ്കില്‍ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുമെന്ന് മങ്ങാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെകെ ലത പറഞ്ഞു. അതേസമയം ഹോട്ടലില്‍ നിന്ന് മലിനജലം ഒഴുക്കി വിടുന്നില്ലെന്നും ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, വാട്ടര്‍ ട്രീറ്റ്‌മെന്റ് ടാങ്ക് എന്നിവ ഇവിടെയുണ്ടെന്നും ഹോട്ടലുടമ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam