തുടർച്ചയായി രണ്ടാം തവണയും ആചാരത്തിലൊതുങ്ങി മൂലം ജലോത്സവം

By Web TeamFirst Published Jun 24, 2021, 8:18 PM IST
Highlights

ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടെ അസി. കമ്മീഷണർ ഹരികുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം ചമ്പക്കുളം മഠം ക്ഷേത്ര കടവിലെത്തി...

ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടത്തുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇത്തവണയും ആചാരങ്ങളിൽ ഒതുങ്ങി. അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽ നിന്ന് ജലമാർഗ്ഗം എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള ചരിത്രമാണ് ചമ്പക്കുളം മൂലം വള്ളംകളിയുടെ ആധാരം. കേരളത്തിലെ ജലോത്സവങ്ങൾക്ക്‌ തുടക്കം കുറിക്കുന്ന മൂലം ജലോത്സവം കുട്ടനാട്ടുകാർക്ക് ആഘോഷത്തിമിർപ്പിന്റെ ദിനമായിരുന്നു. 

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇക്കുറിയും മത്സര വള്ളംകളി ഉപേക്ഷിച്ചു. ആചാര അനുഷ്ടാനങ്ങളിൽ മാത്രമായി വള്ളംകളി ഒതുങ്ങി. ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടെ അസി. കമ്മീഷണർ ഹരികുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം ചമ്പക്കുളം മഠം ക്ഷേത്ര കടവിലെത്തി. ആലപ്പുഴ ആർഡിഒ. എസ്. സന്തോഷ്‌കുമാർ, കുട്ടനാട് തഹസിൽദാർ ടി.ഐ. വിജയസേനൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് പ്രസാദവും വാങ്ങിയ ശേഷം സംഘം പണ്ട് വിഗ്രഹം സൂക്ഷിച്ചിരുന്ന മാപ്പിളശ്ശേരി തറവാട്ടിലേക്ക് പോയി. 

തറവാട്ടിൽ നിലവിൽ താമസിക്കുന്ന സെബാസ്റ്റ്യൻ മാപ്പിളശ്ശേരയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. അമ്പലപ്പുഴ പാൽപ്പായസവും, പ്രസാദവും നൽകി. വിഗ്രഹം സൂക്ഷിച്ചിരുന്ന പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർഥന നടത്തി. തുടർന്ന് ചായ സത്ക്കാരം സ്വീകരിച്ച ശേഷം തിരികെ ചമ്പക്കുളം കല്ലൂർക്കാട് ബെസലിക്കയിലെത്തി. 

റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം സംഘത്തെ സ്വീകരിച്ചു. ബെസലിക്കയിലെ സ്വീകരണത്തിന് ശേഷം സംഘം അമ്പലപ്പുഴയിലേക്ക് മടങ്ങി. റേസ് കമ്മറ്റി ഭാരവാഹി ജോപ്പൻ ജോയി വാരിക്കാടിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ചുരുളൻ വള്ളത്തിൽ തുഴയെറിഞ്ഞു ജലോത്സവ സ്മരണ പുതുക്കി. 

click me!