എട്ട് ലക്ഷം രൂപ വിലവരുന്ന 7500 ഹാന്‍സ് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ, കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Jun 24, 2021, 7:36 PM IST
Highlights

അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങള്‍ കോഴിക്കോടെത്തിച്ചതെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണത്തിനായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ്  പിടിയിലായി. നിരോധിത പുകയില ഉത്പന്നമായ 7500 പായ്ക്കറ്റ് ഹാൻസുമായി കോഴിക്കോട് ആർ.സി. റോഡ് സ്വദേശി വിനിൽരാജ് (33 ) ആണ് പിടിയിലായത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലിൽ താഴത്ത് വച്ചാണ് ഇയാളെ ചേവായൂർ സബ് ഇൻസ്പെക്ട്ടർ അജീഷ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. 

വിനി രാജിന്റെ കൂടെ ഉണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ താമരശ്ശേരി സ്വദേശിയായ ഷാമിൽ ഓടി രക്ഷപ്പെട്ടു.  ഇവർ  ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മദ്യഷാപ്പുകളും ബാറുകളും അടച്ചതിനാൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വൻ തോതിൽ വർദ്ധിച്ചിരുന്നു.  

ചില്ലറ വിപണിയിൽ ഒരു പായ്ക്കറ്റ് ഹാന്‍സിന് 60 രൂപ മുതൽ 80 രൂപ വില വരും.  പിടികൂടിയ ഹാന്‍സ് പായ്ക്കറ്റുകള്‍ക്ക് വിപണിയിൽ എട്ട് ലക്ഷത്തോളം വിലവരുമെന്നാണ് പൊലീസ് പറയുന്നത്. വിനിൽ രാജിനെതിരെ മുൻപും സമാന രീതിയിലുള്ള കേസ്  കോഴിക്കോട് കസബ സ്റ്റേഷനിലുണ്ട്.  കോഴിക്കോട് സിറ്റിയുടെ വിവിധ ഷോപ്പുകളിലും ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും സാധനം ഓർഡർ സ്വീകരിച്ച് വേണ്ട സ്ഥലത്ത് എത്തിച്ച് നൽകുകയാണ് ഇയാളുടെ രീതി. 

പണം ഗൂഗിൾ പേ വഴി കൈമാറുകയും ചെയ്യും. പുലർച്ചേ പൊലീസിന്റെ സാനിധ്യം കുറവാണെന്ന് മനസിലാക്കി ഈ സമയമാണ് ഇവർ വിൽപ്പയ്ക്ക് തെരഞ്ഞെടുക്കാറുള്ളത്. ഓടിപ്പോയ ഷാമിലിനെ കുറിച്ചും, ഹാൻസ് നൽകിയ മൊഞ്ഞ വിതരണക്കാരനായ താമരശ്ശേരി സ്വദേശി സാദിഖ് എന്ന ആളെ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂർ ഇൻസ്പെക്ട്ടർ വിജയകുമാരൻ പറഞ്ഞു. 

കോഴിക്കോട് സിറ്റിയിൽ ഡാൻസാഫ് മൂന്ന് മാസത്തിനിടെ വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. പത്തോളം കേസുകളിലായി 40 കിലോയോളം കഞ്ചാവും 50 ഗ്രാമോളം എം.ഡി.എം.എ.യും 300 ഗ്രാമോളം ഹാഷിഷും സിറ്റി ഡാൻസാഫ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സിറ്റിയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ചോ വിൽപ്പനയേ കുറിച്ചോ വിവരം ലഭിച്ചാൽ സിറ്റി നാർക്കോട്ടിക്ക് സെല്ലിൽ  അറിയിക്കണമെന്ന് സിറ്റി പോലീസ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ ഇ. രജികുമാർ അറിയിച്ചു.
 
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങായ എ. എസ്.ഐ മാരായ മുഹമ്മദ് ഷാഫി, എം. സജി , എസ്സി.പി.ഒ  അഖിലേഷ് , ജോമോൻ ,സി.പി.ഒ  എം ജിനേഷ് എന്നിവരെ കൂടാതെ ചേവായൂർ  സ്റ്റേഷനിലെ എ.എസ്ഐ രഞ്ജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍  രാജീവ് കുമാർ സി.പി.ഒമാരായ ശ്രീരാഗ് , ജിനീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!